മീൻവണ്ടിയില്‍ 2100 ലീറ്റർ സ്പിരിറ്റ് കടത്തി; ബേക്കലിൽ രണ്ടുപേർ അറസ്റ്റിൽ

bekkalarrest-16
SHARE

കാസർകോട് ബേക്കലിൽ വൻ സ്പിരിറ്റ് വേട്ട. മീൻവണ്ടിയിൽ കടത്തുകയായിരുന്ന 2,100 ലീറ്റർ സ്പിരിറ്റുമായി രണ്ടുപേരെ ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരുവിൽനിന്ന് തൃശൂരിലേക്ക് കടത്തിയ സ്പിരിറ്റാണ് പൊലീസ് പിടികൂടിയത്.  

35 ലീറ്ററിന്റെ 60  കന്നാസുകളിലായാണ് സ്പിരിറ്റ്‌ കടത്തിയത്. ബേക്കൽ പാലക്കുന്നിൽ വച്ച് രഹസ്യവിവരത്തെ തുടർന്ന് വാഹനം തടഞ്ഞു നടത്തിയ പരിശോധനയിലാണ് സമീപകാലത്തെ ജില്ലയിലെ ഏറ്റവും വലിയ സ്പിരിറ്റ് കടത്തു പിടികൂടിയത്. മഞ്ചേശ്വരം തുമ്മിനാട് സ്വദേശി മുബാറക്, കുഞ്ചത്തൂർ സ്വദേശി ഇമ്രാൻ എന്നിവരാണ് പിടിയിലായത്. സ്ഥിരമായി സ്പിരിറ്റ് കടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.  

കോഴിക്കോട് രാമനാട്ടുകരയിൽ ഇറക്കണമെന്ന നിർദേശത്തെ തുടർന്നാണ് ഇവർ സ്പിരിറ്റുമായി പോയത്. എന്നാൽ ഒറ്റ് നടന്നതായി ബോധ്യപ്പെട്ടതിനെ തുടർന്ന് ആദ്യം തൃശ്ശൂരിലേക്ക് പോകാനും, പിന്നീട് മംഗളൂരുവിലേക്ക് തന്നെ മടങ്ങാനും തീരുമാനിക്കുകയായിരുന്നു. മംഗളൂരുവിൽനിന്ന് സ്പിരിറ്റ് കടത്തിവിട്ടയാളെ  പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പിടിയിലായ മുബാറക് മറ്റു ചില കേസുകളിൽ പെട്ട് 40 ദിവസത്തോളം ജയിൽവാസം അനുഭവിച്ചിട്ടുള്ളയാളാണ്. മൽസ്യം കൊണ്ടുപോകുന്ന ഇൻസുലേറ്റർ വണ്ടികൾ മഞ്ചേശ്വരത്ത് എക്സൈസ് തടഞ്ഞ്, തുറന്ന് പരിശോധിക്കാറുണ്ട്. ഈ ചെക്പോസ്റ്റ്‌ മറികടന്നു സ്പിരിറ്റ്‌ വണ്ടി എത്തിയതിൽ എക്സൈസും അന്വേഷണം ആരംഭിച്ചു. 

MORE IN NORTH
SHOW MORE
Loading...
Loading...