ബേപ്പൂരിലെ ബോട്ട് കണ്ടെത്താനായില്ല; ഉറ്റവരെ കാത്ത് 16 കുടുംബങ്ങൾ; ആശങ്ക

boat-25
SHARE

പതിനാറ് തൊഴിലാളികളുമായി ഈമാസം അഞ്ചിന് ബേപ്പൂരില്‍ നിന്ന് മല്‍സ്യബന്ധനത്തിന് പോയ അജ്മീര്‍ ഷാ ബോട്ട് കണ്ടെത്താനാകാത്തതില്‍ പ്രതിഷേധം. ബോട്ട് കണ്ടെത്തിയെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസുള്‍പ്പെടെ അറിയിച്ചെങ്കിലും തുടര്‍ ഇടപെടലുണ്ടായില്ലെന്ന് ഉടമകള്‍ പറയുന്നു. കേന്ദ്രസര്‍ക്കാരിന് നല്‍കിയ പരാതി പരിഗണിച്ച് കൂടുതല്‍ തെരച്ചിലുണ്ടാകുമെന്നാണ് ഇവരുടെ പ്രതീക്ഷ. 

ഓരോ മണിക്കൂറിലും ഉറ്റവരുെട വിളിയെത്തുന്നതും കാത്തിരിക്കുകയാണ് പതിനാറ് കുടുംബങ്ങള്‍. അതിലേറെ ആശങ്കയിലാണ് ബേപ്പൂരിലെ മല്‍സ്യത്തൊഴിലാളികള്‍. പരസ്പരം വിളിച്ചും ഉദ്യോഗസ്ഥരോട് അന്വേഷിച്ചും ബോട്ട് കണ്ടെത്തി സുരക്ഷിത തീരത്തെത്തിക്കുന്നതിനാണ് ഇവരുടെ ശ്രമം. ബോട്ടിലുണ്ടായിരുന്ന ഇന്ധനവും ഭക്ഷണവുമെല്ലാം തീര്‍ന്നിട്ടുണ്ടാകുമെന്നും ഇനിയുള്ള ഓരോ മണിക്കൂറും വിലപ്പെട്ടതാണെന്നും മല്‍സ്യത്തൊഴിലാളികള്‍ പറയുന്നു. സാങ്കേതിക തകരാറുണ്ടെങ്കില്‍ കടലില്‍ നിയന്ത്രണം നഷ്ടപ്പെട്ട് ഒഴുകിനീങ്ങുന്ന അവസ്ഥയാകും. ചുഴലിക്കാറ്റില്‍പ്പെട്ട് ബോട്ട് മറ്റ് സംസ്ഥാന അതിര്‍ത്തിയിലോ രാജ്യാതിര്‍ത്തിയിലോ എത്തിപ്പെടാനുള്ള സാധ്യതയാണ് പറയുന്നത്. 

പന്ത്രണ്ട് തമിഴ്നാട്ടുകാരും നാല് ബംഗാളുകാരുമാണ് ബോട്ടിലുള്ളത്. ബോട്ട് കണ്ടെത്തിയെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് എട്ട് ദിവസം മുന്‍പ് അറിയിച്ചിരുന്നു. തീരദേശ പൊലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. പിന്നീട് യാതൊന്നുമുണ്ടായില്ല. സ്വന്തംനിലയില്‍ മല്‍സ്യത്തൊഴിലാളികളുടെ അന്വേഷണവും ഫലം കണ്ടില്ല. കോസ്റ്റ് ഗാര്‍ഡിന്റെയും നേവിയുടെയും കപ്പലുകളും വിമാനങ്ങളും ഉപയോഗപ്പെടുത്തി മഹാരാഷ്ട്ര, ഗുജറാത്ത്, തുടങ്ങി 60 നോട്ടിക്കല്‍ മൈലിന് പുറത്തേക്കും നിരീക്ഷണം വ്യാപിപ്പിക്കണമെന്നാണ് ബോട്ടുടമകളുെട ആവശ്യം. 

MORE IN NORTH
SHOW MORE
Loading...
Loading...