ചാത്തമംഗലത്ത് പട്ടയം അനുവദിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിനൊരുങ്ങി നാട്ടുകാര്

pullavoorland-05
SHARE

കോഴിക്കോട് ചാത്തമംഗലം പുള്ളാവൂരില്‍ കുടിയിറക്ക് ഭീഷണിയിലുള്ള കുടുംബങ്ങള്‍ക്ക് പട്ടയം അനുവദിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിനൊരുങ്ങി നാട്ടുകാര്‍. കുടുംബസമേതം കലക്ടറേറ്റിന് മുന്നിലേക്കെത്താനാണ് തീരുമാനം. ഇക്കാര്യത്തില്‍ പഞ്ചായത്ത് ഭരണസമിതി  രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതായും ആക്ഷേപമുണ്ട്. 

എല്‍.ഡി.എഫാണ് ചാത്തമംഗലം പഞ്ചായത്ത് ഭരിക്കുന്നത്. പുള്ളാവൂര്‍ കോളനി ഉള്‍പ്പെടുന്ന ഇരുപത്തി മൂന്നാം വാര്‍ഡിനെ പ്രതിനിധീകരിക്കുന്നത് വര്‍ഷങ്ങളായി യു.ഡി.എഫ് പ്രതിനിധിയും. അടിയന്തര ആവശ്യങ്ങള്‍ അറിയിച്ചാലും രാഷ്ട്രീയ വേര്‍തിരിവ് കാരണം ശ്രദ്ധിക്കാത്ത അവസ്ഥയെന്നാണ് കുടുംബങ്ങളുടെ ആക്ഷേപം. ഉദ്യോഗസ്ഥര്‍ കരം സ്വീകരിക്കാതായപ്പോള്‍ പലപ്പോഴായി പഞ്ചായത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. പതിനാല് വര്‍ഷം കഴിഞ്ഞിട്ടും പരിഹാരമില്ല. മിച്ചഭൂമിയുടെ ഉടകളായിരുന്ന ഇരുപതിലധികം കുടുംബങ്ങള്‍ കുടിയിറക്ക് ഭീഷണി നേരിടുമ്പോഴും അതെല്ലാം റവന്യൂ ഉദ്യോഗസ്ഥരുടെ പരിഗണനയ്ക്ക് വരേണ്ട കാര്യങ്ങളെന്ന് മാത്രമാണ് പഞ്ചായത്തിന്റെ മറുപടി. കൂടുതല്‍ കുടുംബങ്ങള്‍ക്ക് നാല് സെന്റ് വീതം നല്‍കാനുള്ള തീരുമാനം നിലവിലുള്ളവരുടെ കിടപ്പാടം നഷ്ടപ്പെടുത്തിക്കൊണ്ടാകരുതെന്നും ഇവര്‍ പറയുന്നു. മണ്ണൊഴിയേണ്ടി വരുന്നവര്‍ക്ക് പുനരധിവാസം ഉള്‍പ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങള്‍ ഉറപ്പാക്കണം. 

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിസന്ധിക്ക് പരിഹാരമുണ്ടാകുമെന്നാണ് കുടുംബങ്ങളുടെ പ്രതീക്ഷ. പട്ടയ കൈമാറ്റം വൈകിയാല്‍ കലക്ടറേറ്റിന് മുന്നിലേക്ക് ജനകീയപ്രതിഷേധം തുടങ്ങുന്നതിനാണ് നാട്ടുകാരുടെ തീരുമാനം. 

MORE IN NORTH
SHOW MORE
Loading...
Loading...