കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷന് വീണ്ടും ഐ.എസ്.ഒ അംഗീകാരം

police
SHARE

കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷന് വീണ്ടും ഐ.എസ്.ഒ അംഗീകാരം. ശിശുസൗഹൃദ, ജനമൈത്രി പൊലീസ് സംവിധാനം ചിട്ടയായി നടപ്പാക്കിയതാണ് നേട്ടപ്പട്ടികയിലെത്താന്‍ സഹായമായത്. മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഔദ്യോഗിക പ്രഖ്യാപനം നിര്‍വഹിച്ചു. 

മായാവിയും കുട്ടൂസനും തുടങ്ങി കുട്ടികളുടെ ഇഷ്ട കഥാപാത്രങ്ങള്‍. കളിക്കാനും പൊട്ടിച്ചിരിക്കാനും വേണ്ടത്ര സ്വാതന്ത്ര്യം. കുഞ്ഞുമനസുകള്‍ക്ക് നന്നായി ഇഷ്ടപ്പെടും സ്റ്റേഷനിലെ അന്തരീക്ഷം. കുറ്റകൃത്യങ്ങളില്‍പ്പെട്ടാല്‍ വിട്ടുവീഴ്ചയില്ല. എന്നാല്‍ കുട്ടികളാണെങ്കില്‍ അവര്‍ക്ക് ശരിയായ ജീവിതത്തിലേക്ക് മടങ്ങാന്‍ വഴിയൊരുക്കും. രക്ഷിതാക്കള്‍ക്കൊപ്പം കൗണ്‍സിലിങ്, മുന്‍കാല അനുഭവങ്ങള്‍ പറഞ്ഞ് ശരിയിലേക്ക് നയിക്കാനുള്ള നല്ല മാതൃകകള്‍ പിന്തുടരാന്‍ പ്രേരണ. അങ്ങനെ നന്‍മയിലേക്ക് നയിക്കുന്ന സൗകര്യങ്ങളാണുള്ളത്. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടി. പത്താം ക്ലാസ് കടക്കാത്തവരെയും പാതിവഴിയില്‍ പഠനം അവസാനിപ്പിച്ചവരെയും കണ്ടെത്തിയുള്ള ഹോപ് പരിശീലനം. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേക ഇരിപ്പിടങ്ങള്‍,  പുസ്തകശാല തുടങ്ങിയ സൗകര്യങ്ങള്‍ സ്റ്റേഷന്റെ നിലവാരമുയര്‍ത്തി. 

കോവിഡ് കാല നിയന്ത്രണങ്ങള്‍ക്കിടെ നടപ്പാക്കിയ വിവിധ പദ്ധതികളും പുരസ്കാര നേട്ടത്തിന് സഹായമായി. തെരുവില്‍ കഴിഞ്ഞിരുന്ന എഴുന്നൂറിലധികമാളുകളെയാണ് പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റിയത്. നിരവധി പ്രമാദമായ കേസുകളിലും തുമ്പുണ്ടായി. കണ്‍ട്രോള്‍ റൂം എസ്.ഐ പ്രേമദാസ് ഇരുവള്ളൂരിന്റെ നേതൃത്വത്തില്‍ സ്റ്റേഷന്‍ ചുമരില്‍ വരച്ച് ചേര്‍ത്ത ചിത്രങ്ങള്‍ പഴമയുടെ അടയാളമാണ്. 2011 ലും ടൗണ്‍ സ്റ്റേഷന് ഐ.എസ്.ഒ അംഗീകാരം ലഭിച്ചിരുന്നു.

MORE IN NORTH
SHOW MORE
Loading...
Loading...