മേപ്പയൂര്‍ മീറോട് മല സംരക്ഷിക്കണം: സാംസ്ക്കാരിക കൂട്ടായ്മ

meroad03
SHARE

കോഴിക്കോട് മേപ്പയൂര്‍ മീറോട് മല സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സാംസ്ക്കാരിക കൂട്ടായ്മ. കല്‍പ്പറ്റ നാരായണന്‍ ടി.പി.രാജീവന്‍ എന്നിവരുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിക്കും. അതേസമയം റവന്യൂ ഭൂമി കൈയ്യേറി ചെങ്കല്‍ ഖനനം നടത്തിയതായി തെളിഞ്ഞ സാഹചര്യത്തില്‍ കലക്ടറുടെ സ്റ്റോപ്പ് മെമ്മോ ഉത്തരവ് ഇന്നുണ്ടായേക്കും. 

മീറോട് മലയുടെ ഘടനയിലുണ്ടാകുന്ന ഏതൊരു മാറ്റവും ജനജീവിതത്തെ പ്രതികൂലമായി ബാധിക്കും. കീഴരിയൂര്‍, മേപ്പയൂര്‍, തുറയൂര്‍ പ‍ഞ്ചായത്തുകളിലെ അഞ്ഞൂറിലധികം കുടുംബങ്ങളെ ആശങ്കയിലാക്കുന്ന ഖനനമാണ് നിലവില്‍ പുരോഗമിക്കുന്നത്. കൃഷി, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ തടസപ്പെടുന്ന സാഹചര്യമുണ്ടാകരുത്. മിച്ചഭൂമിയായി സര്‍ക്കാര്‍ ഏറ്റെടുത്ത നൂറ്റി നാല്‍പത് ഏക്കറും അതിലും കൂടുതലായുള്ള സ്വകാര്യ ഭൂമിയും ചേര്‍ന്നതാണ് മീറോട് മല. അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മ കാരണം ഭൂമി അനുവദിച്ച് നല്‍കിയ കുടുംബങ്ങള്‍ക്ക് മലയിലേക്ക് താമസം മാറ്റാനായിട്ടില്ല. സര്‍ക്കാര്‍ ഭൂമി കൃത്യമായി അളന്ന് വേര്‍തിരിക്കാനുള്ള നടപടിയുണ്ടാകണം. ഖനനം തുടര്‍ന്നാല്‍ കുന്നിന്റെ താഴ്്്വരയിലുള്ള പ്രദേശങ്ങള്‍ ദുരന്തഭൂമിയായി മാറും.

ഒരിക്കലും വറ്റാത്ത നീരുറവകള്‍ വേനലിന്റെ തുടക്കത്തില്‍ വരണ്ടുണങ്ങുന്നത് അപകട സൂചനയാണ്. ചെങ്കല്‍ ഖനനത്തിന് ശേഷം മലയില്‍ കൂട്ടിയിട്ടിരിക്കുന്ന മണ്ണ് കനത്ത മഴയില്‍ അപകടമുണ്ടാക്കും. ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്തും പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിര്‍ത്താനും നിലവിലെ അനധികൃത ഖനനം അവസാനിപ്പിച്ചേ മതിയാകൂ എന്ന് സാംസ്ക്കാരിക പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. റവന്യൂ ഭൂമി കൈയ്യേറി ഖനനം നടത്തിയെന്ന് ജില്ലാ കലക്ടര്‍ക്ക് നേരിട്ട് ബോധ്യപ്പെട്ടതിനാല്‍ സ്റ്റോപ്പ് മെമ്മോ നല്‍കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ വൈകാതെയുണ്ടാകും. കൊയിലാണ്ടി തഹസില്‍ദാരുടെ റിപ്പോര്‍ട്ട് കൂടി കണക്കിലെടുത്ത് മീറോട് മല സംരക്ഷിക്കാന്‍ കലക്ടറുടെ അടിയന്തര ഇടപെടലുണ്ടാകുമെന്നാണ് സമരസമിതിയുടെയും പ്രതീക്ഷ. 

MORE IN NORTH
SHOW MORE
Loading...
Loading...