മീറോട് മലയിൽ അനധികൃത ചെങ്കൽ ഖനനം; കർശന നടപടിയെന്ന് കലക്ടർ

meerod-10
SHARE

കോഴിക്കോട് മേപ്പയൂര്‍ മീറോട് മലയില്‍ റവന്യൂഭൂമി കൈയ്യേറി സ്വകാര്യ വ്യക്തി ചെങ്കല്‍ ഖനനം നടത്തിയതായി ജില്ലാ കലക്ടര്‍. നേരിട്ടുള്ള പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. അനധികൃത ഖനനം നിരവധി പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്ന് തഹസില്‍ദാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. 

മാനത്ത് മഴക്കാറ് കണ്ടാല്‍ ഉറക്കം നഷ്ടപ്പെടുന്ന അവസ്ഥയിലാണ് മീറോട് മലയ്ക്ക് താഴെയുള്ള മുന്നൂറിലധികം കുടുംബങ്ങള്‍. നിരപ്പാക്കിത്തുടങ്ങിയ മലയില്‍ നിന്ന് ഏത് സമയവും മണ്ണും കല്ലും കുത്തിയൊലിച്ചെത്തിയേക്കും. താല്‍ക്കാലിക ഷെഡിന് തറ നിരപ്പാക്കുന്നുവെന്ന വ്യാജേന തുടങ്ങിയ ചെങ്കല്‍ ഖനനം പിന്നീട് വ്യാവസായികാടിസ്ഥാനത്തിലേക്ക് മാറി. ജനങ്ങളുടെ പ്രതിരോധമെല്ലാം മറികടന്ന് മല പൂര്‍ണമായും നിരപ്പാക്കുന്ന അവസ്ഥയിലെത്തി. ജനകീയസമരം ശക്തമായതിന് പിന്നാലെയാണ് ജില്ലാ കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ചത്. രേഖകള്‍ പരിശോധിച്ച് സ്ഥലം അളന്ന് തിട്ടപ്പെടുത്തിയതോടെ കൈയ്യേറ്റം വ്യക്തമായി. 

ഖനനം നിര്‍ത്തിവയ്ക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ അടുത്തദിവസമുണ്ടാകും. മൂന്ന് പഞ്ചായത്തുകളിലായി വിസ്തൃതിയുള്ള മീറോട് മല പ്രകൃതി സൗന്ദര്യം വേണ്ടത്രയുള്ള ഇടം കൂടിയാണ്. വിനോദസഞ്ചാര സാധ്യത പരമാവധി പ്രയോജനപ്പെടുത്താനുള്ള നടപടി വേണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് അനധികൃത ഖനനം. നിയമലംഘനം കണ്ടെത്തിയ സാഹചര്യത്തില്‍ ഖനനത്തിന് പഞ്ചായത്ത് നല്‍കിയിരിക്കുന്ന അനുമതി പിന്‍വലിക്കുന്നതുള്‍പ്പെടെയുള്ള നടപടികളും ചര്‍ച്ചയാകും. 

MORE IN NORTH
SHOW MORE
Loading...
Loading...