മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു; മഹിളാമാളിൽ കുത്തിയിരിപ്പ് സമരവുമായി സംരംഭക

mall-17
SHARE

കോഴിക്കോട് മഹിളാമാളില്‍ സംരംഭകയുടെ കുത്തിയിരുപ്പ് സമരം. മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിക്കുകയും കച്ചവടം തുടരാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തതിനെതിരെയാണ് പ്രതിഷേധം. പൊലീസ് ഇടപെട്ട് സമരം തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഇന്നലെ രാത്രി തുടങ്ങിയ പ്രതിഷേധം തുടരുകയാണ്. വിഷയത്തില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നാണ് സംരംഭകയുടെ ഭീഷണി. 

ഇത്തിരിവെട്ടത്ത് എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ഫസ്നയും 13 കാരിയായ മകളും. ഒരാഴ്ച്ച മുമ്പാണ് ഫസ്നയുടെ കടയിലെ വൈദ്യുതി മുന്നറിയിപ്പില്ലാതെ മാള്‍ നടത്തിപ്പുകാര്‍ വിച്ഛേദിച്ചത്. പല തവണ ആവശ്യപ്പെട്ടിട്ടും പുനസ്ഥാപിച്ചില്ല. കടക്കെണി കാരണം വാടക വീട്ടിലേയ്ക്ക് തിരിച്ചുപോകുന്നതിനേക്കാള്‍ നല്ലത് പ്രശ്നത്തിന് പരിഹാരം ഉണ്ടാകുന്നത് വരെ സ്വന്തം കടയില്‍ തന്നെ ഇരിക്കുന്നതാണെന്ന് ഇവര്‍ക്ക് തോന്നി. ഏറെക്കാലമായി മാള്‍ നടത്തിപ്പുകാരായ യൂണിറ്റി  ഗ്രൂപ്പില്‍ നിന്ന് അവഗണന നേരിടുകയാണ്. ഇനിയും സഹിക്കാന്‍ വയ്യ. 

മഹിളാമാളിന്‍റെ തുടക്കത്തില്‍ ഒരു മാസം മാത്രമേ കട തുറന്നു പ്രവര്‍ത്തിച്ചുള്ളൂ. പിന്നീട് പല കാരണങ്ങള്‍കൊണ്ട് തുടരാനാകാതെ വന്നു. ഇടവേളയ്ക്ക് ശേഷം എത്തിയപ്പോള്‍ വാടകയില്‍ ഇളവ് വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല. അന്നു തുടങ്ങിയ പീഡനം തുടരുകയാണെന്ന് ഫസ്ന പറയുന്നു. ഫസ്നയ്ക്ക് പിന്തുണയുമായി മറ്റു സംരഭകരും രംഗത്തെത്തി. പ്രശ്നം പരിഹരിക്കാന്‍ പൊലിസ് ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല. വിവരമറിഞ്ഞ് എം.കെ. രാഘവന്‍ എംപിയും സ്ഥലത്തെത്തി. ജില്ലാകലക്ടറെ ഉടന്‍ നേരിട്ടു കണ്ട് വിഷയത്തിന്‍റെ ഗൗരവം ബോധിപ്പിക്കാനുള്ള ശ്രമമാകും ഇനി സംരഭകര്‍ നടത്തുക. 

MORE IN NORTH
SHOW MORE
Loading...
Loading...