വിത്തെറിഞ്ഞ് വലിയ വളപ്പിൽ ചാമുണ്ഡി; വടക്കൻ കേരളത്തിൽ വീണ്ടും തെയ്യക്കാലം

theyyam-19
SHARE

നീണ്ട ഇടവേളയ്ക്കുശേഷം വടക്കൻ കേരളത്തിൽ തെയ്യത്തിന്റെ ചിലമ്പൊലിയുയർന്നു. കർഷകതെയ്യമായ കാസർകോട് തിമിരിയിലെ വലിയവളപ്പിൽ ചാമുണ്ഡിയാണ് കോവിഡ് നിയന്ത്രണങ്ങളിലെ ഇളവിൽ ആദ്യം അരങ്ങിലെത്തിയത്.

കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായുള്ള കർശന നിർദേശങ്ങൾ പാലിച്ച് വലിയവളപ്പിൽ ചാമുണ്ഡിയാണ് ഈ തെയ്യാട്ടക്കാലത്ത് ആദ്യമായി അരങ്ങിലെത്തിയത്. തെയ്യം വയലിൽ വിത്തിട്ട ശേഷമാണ് കാസർകോട്  തിമിരി ഗ്രാമത്തിൽ കൃഷി ആരംഭിക്കുന്നത്. ചെണ്ടയുടെയും, വാല്യക്കാരുടെയും കൈവിളക്കിന്റെയും അകമ്പടിയോടെ എത്തിയാണ് ചാമുണ്ഡി ജില്ലയിലെ ഏറ്റവുംവലിയ പാടശേഖരമായ തിമിരി വയലില്‍ വിത്തിട്ടത്.

വിത്തുവിതച്ച് വയലില്‍ നൃത്തം ചവിട്ടിയശേഷം തെയ്യം ദേശസഞ്ചാരം നടത്തുന്ന പതിവുണ്ടെങ്കിലും ഇത്തവണ അതില്ല .തുലാമാസത്തിൽ തുടങ്ങി ഇടവം പകുതിവരെ നീളുന്നതാണ് വടക്കൻ കേരളത്തിലെ തെയ്യക്കാലം. കോവിഡ് ഭീതിയെ തുടർന്ന് കഴിഞ്ഞ തവണ തെയ്യക്കാലത്തിന് സമാപനം കുറിക്കുന്ന നീലേശ്വരം മന്ദം പുറത്ത് കാവ് കലശമുൾപ്പെടെ നടന്നിരുന്നില്ല. 20 പേരിൽ കൂടുതൽ പങ്കെടുക്കരുതെന്ന് നിർദേശമുള്ളതിനാൽ തുലാമാസത്തിൽ നടക്കേണ്ട കളിയാട്ടങ്ങൾ ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. പ്രധാനപ്പെട്ട ഒറ്റക്കോല മഹോത്സവങ്ങൾ പലതും ഒഴിവാക്കിയിട്ടുമുണ്ട്.

MORE IN NORTH
SHOW MORE
Loading...
Loading...