വടക്കാംകുന്നിൽ ക്വാറി മാഫിയ സജീവം; സംരക്ഷണം വേണമെന്ന് നാട്ടുകാർ

quarry-protest-03
SHARE

കാസര്‍കോട് ജില്ലയിലെ പ്രധാന മലനിരകളിലൊന്നായ വടക്കാംകുന്നിനെ ക്വാറി മാഫിയയില്‍ നിന്ന് സംരക്ഷിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്ത്. ഈ മേഖലയില്‍ വിവിധ സ്വകാര്യ കമ്പനികള്‍ ക്വാറി ആരംഭിക്കാന്‍ പോകുന്നു എന്ന സൂചനയെ തുടര്‍ന്നാണ് നാട്ടുകാരുടെ പ്രതിഷേധം.  ഖനനം ആരംഭിച്ചാല്‍ പ്രദേശത്തെ ജനജീവിതത്തെ അത് ദോഷകരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

കിനാനൂർ കരിന്തളം, ബളാൽ പഞ്ചായത്തുകളിലായാണ് വടക്കാംകുന്ന് മലനിരകള്‍ സ്ഥിതി ചെയ്യുന്നത്. ഈ മേഖലയില്‍ പാറ ഖനനത്തിനും, അനുബന്ധ വ്യവസായങ്ങള്‍ക്കും പദ്ധതി ഒരുങ്ങുന്നു എന്നാണ് ജനകീയ സമിതിയുടെ ആക്ഷേപം. അധികൃതരുടെ ഒത്താശയോടെയാണ് പരിസ്ഥിതിയെ ദുര്‍ബലമാക്കുന്ന ഈ നീക്കമെന്നും സമരസമിതി ആരോപിക്കുന്നു. 

ക്വാറി ആരംഭിക്കുന്നതോടെ വടക്കാംകുന്നിന് ചുറ്റുവട്ടത്തുള്ള മൂവായിരത്തിലധികം കുടുംബങ്ങളുടെ ജീവിതം ദുസഹമാക്കുമെന്നും ആരോപണമുണ്ട്. കുടിവെള്ളത്തിനടക്കം പ്രദേശവാസികള്‍ ബുദ്ധിമുട്ടുമെന്ന് സമരസമിതി മുന്നറിയിപ്പ് നല്‍കുന്നു. പതിനഞ്ച് മീറ്ററോളം താഴ്ച്ചയിൽ കൃഷിയോഗ്യമായ മണ്ണ് നീക്കം ചെയ്താൽ മാത്രമെ ഖനനം ആരംഭിക്കാന്‍ സാധിക്കു. ഇങ്ങനെ നീക്കം ചെയ്യുന്ന മണ്ണും ജനങ്ങള്‍ക്ക് ഭീഷണിയാകും.

പഞ്ചായത്ത് തലങ്ങളിൽ കക്ഷിരാഷ്ട്രീയത്തിനതീതമായി വിപുലമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടു വരാനാണ്  വടക്കാംകുന്ന് സംരക്ഷണ സമിതിയുടെ ലക്ഷ്യം. ജനപ്രതിനിധികളുടെ പിന്തുണയും പ്രതീക്ഷിക്കുന്നു.

MORE IN NORTH
SHOW MORE
Loading...
Loading...