കാട്ടാനകളെ പ്രതിരോധിക്കാനുള്ള മതില്‍ തകര്‍ന്നു; പ്രതിസന്ധിയില്‍ കര്‍ഷകര്‍

kattanamuthedam-01
SHARE

മലപ്പുറം മൂത്തേടത്ത് കാട്ടാനകളെ പ്രതിരോധിക്കാൻ വനാതിർത്തിയിൽ സ്ഥാപിച്ച കരിങ്കല്‍മതിൽ തകർന്നതോടെ കർഷകരും ആദിവാസി കുടുംബങ്ങളും പ്രതിസന്ധിയില്‍. കഴിഞ്ഞ പ്രളയത്തിനിടെ തകർന്ന മതിൽ 10 മാസം‌ കഴിഞ്ഞിട്ടും പുനർ നിർമിക്കാൻ വനം വകുപ്പ് തയാറാകാത്തതിനെതിരെ പ്രതിഷേധമുയര്‍ന്നു.

മൂത്തേടം പടുക്ക സ്റ്റേഷൻ മുതൽ ചീനിക്കുന്ന് വരെ ഒരു കിലോമീറ്റർ ദൂരം വനാതിർത്തിയിൽ കാട്ടാനക്കൂട്ടം നാട്ടിലിറങ്ങുന്നത് തടയാനാണ് കരിങ്കല്ലുകൊണ്ട് മതില്‍ നിര്‍മിച്ചത്. ഭിത്തി നിര്‍മിക്കാനായി ലക്ഷങ്ങളാണ് ചിലവഴിച്ചത്. മതിലുണ്ടായിരുന്നപ്പോള്‍ തന്നെ ഭിത്തി ചാടിക്കടന്ന് ആനക്കൂട്ടം നാട്ടിലിറങ്ങുന്ന സംഭവം ഇടക്കുണ്ടായിരുന്നു. കഴിഞ്ഞ പ്രളയത്തിൽ തീക്കടി കോളനിക്ക് സമീപമാണ് മതിൽ തകർന്നത്. ചക്കക്കാലം കൂടെ ആയതോടെ മതിൽ തകർന്ന ഭാഗങ്ങളിലൂടെ ആനക്കൂട്ടം പതിവായി നാട്ടിലെത്തുകയാണ്. കോളനിയിലെ അൻപതോളം കുടുംബങ്ങൾക്ക് പുറമേ ബാലംകുളം, ചീനിക്കുന്ന്, കൽക്കുളം പ്രദേശത്തെ കുടുംബങ്ങളും ഭീതിയിലാണ്.

ഒട്ടേറെ കർഷകരുടെ വിളകളാണ് ആനക്കൂട്ടം നശിപ്പിച്ചത്. വീടുകൾക്ക് നേരെയും ആക്രമണം ഉണ്ടായി. തകർന്ന മതിൽ പുനസ്ഥാപിക്കാൻ കർഷകർ പലതവണ വനം ഉദ്യോഗസ്ഥരെ കണ്ടെങ്കിലും അവഗണിക്കുകയാണ്. കിസാൻ കോൺഗ്രസിൻ്റ നേതൃത്വത്തിൽ നാട്ടുകാർ പടുക്ക സ്റ്റേഷനിലേക്ക്‌ മാർച്ച് നടത്തി ഡി സി സി  അധ്യക്ഷന്‍ വിവി പ്രകാശ് ഉദ്ഘാടനം ചെയ്തു

MORE IN NORTH
SHOW MORE
Loading...
Loading...