പാലക്കാട്ടെ കര്‍ഷകര്‍ക്ക് ആശ്വാസം; നെല്ലുസംഭരണ പ്രതിസന്ധിക്ക് പരിഹാരം

paddymeeting-04
SHARE

പാലക്കാട് ജില്ലയിലെ നെല്ലുസംഭരണ പ്രതിസന്ധി പരിഹരിക്കാന്‍ മന്ത്രിതല ചര്‍ച്ചയില്‍ തീരുമാനം. വിഷുവിന് മുന്‍പായി മുഴുവന്‍ നെല്ലും സംഭരിക്കുെമന്ന് മന്ത്രി എകെ ബാലന്‍ അറിയിച്ചു. യന്ത്രങ്ങളുടെ ലഭ്യത ഉറപ്പാക്കി നെല്ല് കൊയ്യുന്നതിനും സംഭരിക്കുന്നതിനും ക്രമീകരണം ഏര്‍പ്പെടുത്താന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.

നെല്ല് കൊയ്യുന്നതും സംഭരിക്കുന്നതും അവശ്യസേവനമായി കണക്കാക്കി സൗകര്യങ്ങളും ഏര്‍പ്പെടുത്തും. കൊയ്ത്ത്, മെതി യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്ന ഓപ്പറേറ്റര്‍മാര്‍, ചുമട്ടു ജോലിയെടുക്കുന്നവര്‍, വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍, വെയ്ബ്രിജ് ജോലിക്കാര്‍ എന്നിവര്‍ക്ക് എത്തിച്ചേരാനുളള സഞ്ചാര അനുമതി നല്‍കും. കൃഷി ഉദ്യോഗസ്ഥര്‍ കൃത്യമായി പട്ടികതയ്യാറാക്കും. ജില്ലയില്‍ ഏകദേശം 20 ശതമാനം നെല്ലു മാത്രമാണ് കൊയ്്ത്തിന് ശേഷിക്കുന്നത്. ജില്ലയിലെ 15 മില്ലുകളും മറ്റ് ജില്ലകളിലെ 28 മില്ലുകളും നെല്ല് സംഭരിക്കുമെന്നാണ് ധാരണ.

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ മറ്റു ജില്ലകളില്‍ നിന്നും നെല്ല് സംഭരണത്തിനായി വാഹനങ്ങള്‍ എത്താത്തതാണ് പ്രധാന പ്രശ്‌നം. ഇത് പരിഹരിക്കുന്നതിനായി വാഹനങ്ങള്‍ക്ക് ജില്ലയിലേക്ക് കടക്കാനുള്ള സാഹചര്യം ഒരുക്കുമെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. ഒരുലക്ഷത്തി അന്‍പതിനായിരം മെട്രിക് ടണ്‍ നെല്ല് ഇത്തവണ ലഭിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. 42,000 മെട്രിക് ടണ്‍ നെല്ല് കൊയ്ത്തിനു ശേഷം സപ്ലൈകോ സംഭരിച്ചു. നെല്ല് സംഭരിക്കാനും മില്ലുകളിലേക്ക് കയറ്റി അയക്കുന്നതിനായി ചുമട്ടു തൊഴിലാളികളെ പ്രയോജനപ്പെടുത്തുന്നതിന് വിവിധ തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്തും. പാലക്കാടൻ പാടങ്ങളിൽ നെല്ല് വിളഞ്ഞു നില്ക്കുന്ന സമയത്ത് വന്ന ലോക്ഡൗൺ കാരണം കൊയ്ത്തും സംഭരണവും നിലച്ചു. പണി ഇല്ലാതായതോടെ ‌തമിഴ്നാട്ടിൽ നിന്ന് വന്ന കൊയ്തതു യന്ത്രങ്ങളും തൊഴിലാളികളും തിരിച്ചു പോയിരുന്നു. 

MORE IN NORTH
SHOW MORE
Loading...
Loading...