ഡെപ്യൂട്ടി മേയര്‍ക്കെതിരെ ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസം പാസായി

kannur
SHARE

കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി.കെ.രാഗേഷിനെതിരെ ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം വിജയിച്ചു. കക്കാട് ഡിവിഷനില്‍ നിന്നുള്ള അംഗമായ ലീഗിലെ കെ.പി.എ.സലീം കൂറുമാറി പ്രമേയത്തെ അനുകൂലിച്ച് വോട്ടു ചെയ്തു. യുഡിഎഫ് അംഗങ്ങള്‍ തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിച്ചു. 

അത്യന്തം നാടകീയമായ നിമിഷങ്ങള്‍ക്കൊടുവിലാണ് ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം വിജയിച്ചത്. രാവിലെ ഒന്‍പതിന് പ്രമേയത്തിന്മേലുള്ള ചര്‍ച്ച ആരംഭിച്ചു. വൈകീയെത്തിയതിനെ തുടര്‍ന്ന് മേയര്‍ സുമബാലകൃഷ്ണന് ഹാളിനുള്ളില്‍ പ്രവേശിക്കാന്‍ സാധിച്ചില്ല. കൂറുമാറിയ കെ.പി.എ.സലീം ഇടത് കൗണ്‍സിര്‍മാര്‍ക്കൊപ്പമാണ് എത്തിയത്. മുസ്്ലീം ലീഗ് പ്രാദേശിക നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്നാണ് സലീം ഇടതിനൊപ്പം ചേര്‍ന്നതെന്നാണ് സൂചന. എന്നാല്‍ താന്‍ കൂറുമാറിയിട്ടില്ലെന്നും, പാര്‍ട്ടി വിപ്പ് ലഭിച്ചിട്ടില്ലെന്നും സലീം പറഞ്ഞു.

ഇടത് കൗണ്‍സിലര്‍ തൈക്കണ്ടി മുരളിധരന്‍ വോട്ടു ചെയ്യുന്നത് തടയാന്‍ യുഡിഎഫ് ശ്രമിച്ചു. പ്രമേയത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ വനിത കൗണ്‍സിലര്‍മാരെക്കുറിച്ച് അസഭ്യപരാമര്‍ശം നടത്തിയെന്നായിരുന്നു ആരോപണം. എന്നാല്‍ ജില്ലാ കലക്ടര്‍ ഇത് അംഗീകരിച്ചില്ല. തുടര്‍ന്ന് യൂഡിഎഫ് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു. സലീമിന്റെ കാര്യത്തില്‍ ലീഗ് നേതൃത്വത്തിന് പാളിച്ചയുണ്ടായോയെന്ന് പരിശോധിക്കണമെന്ന് പി.കെ.രാഗേഷ് ആവശ്യപ്പെട്ടു.

എല്‍ഡിഎഫിനും, യുഡിഎഫിനും 27 അംഗങ്ങള്‍ വീതമാണ് കോപര്‍റേഷനിലുള്ളത്. സ്വതന്ത്രനായ പി.കെ.രാഗേഷിന്റെ പിന്തുണയോടെയാണ് യുഡിഎഫ് ഭരണം. ഡെപ്യൂട്ടി മേയര്‍ക്കെതിരായ പ്രമേയം വിജയിച്ചതോടെ മേയര്‍ സുമബാലകൃഷ്ണനെതിരെയും അവിശ്വാസം കൊണ്ടുവരാനുള്ള ആലോചനയിലാണ് ഇടതുപക്ഷം. ഇതിലൂടെ ഭരണം കൈപ്പിടിയിലാക്കാമെന്നും ഇടതുനേതൃത്വം കണക്കുകൂട്ടുന്നു.

MORE IN NORTH
SHOW MORE
Loading...
Loading...