കൂരാച്ചുണ്ടിൽ ശ്മശാനത്തിനായി നിരാഹാര സമരം; ഫണ്ട് കിട്ടിയിട്ടും അനങ്ങാതെ പഞ്ചായത്ത്

strike-web
SHARE

കോഴിക്കോട് കൂരാച്ചുണ്ട് പഞ്ചായത്തില്‍ പൊതുശ്മശാനം നിര്‍മിക്കണമെന്നാവശ്യപ്പെട്ടുള്ള ധര്‍ണ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്. സര്‍ക്കാര്‍ പത്ത് ലക്ഷം അനുവദിച്ചിട്ടും ഏറ്റെടുത്ത രണ്ടേക്കറില്‍ ശ്മശാനം നിര്‍മിക്കാന്‍ പഞ്ചായത്ത് വീഴ്ച വരുത്തുന്നുവെന്നാണ് പരാതി. ശ്മശാനം നിര്‍മിക്കുന്നതിനെതിരെ രണ്ട് കുടുംബം നല്‍കിയ കേസുകള്‍ അടുത്തിടെ തീര്‍പ്പാക്കിയിരുന്നു.   

1996 ലാണ് വട്ടച്ചിറ പൊന്നുണ്ടമലയില്‍ പൊതുശ്മശാനത്തിനായിസര്‍ക്കാര്‍ രണ്ടേക്കര്‍ അനുവദിച്ചത്. വാതക ശ്മശാനം പണിയുന്നതിനായി പഞ്ചായത്ത് എഴുപത് ലക്ഷം രൂപയുടെ രൂപരേഖ സമര്‍പ്പിച്ചു. സര്‍ക്കാര്‍ പത്ത് ലക്ഷം അനുവദിച്ചു. ഈ തുക പ്രയോജനപ്പെടുത്തി ആദ്യഘട്ട പണി തുടങ്ങണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ആദിവാസി, പട്ടികജാതി കോളനികളിലെപലര്‍ക്കും വീട് പൊളിച്ച് മൃതദേഹം സംസ്ക്കരിക്കേണ്ട അനുഭവം നിരവധി തവണയുണ്ടായിട്ടുണ്ട്. ഈ ആവശ്യം പഞ്ചായത്ത് അവഗണിക്കുന്നതിനാലാണ് സത്യഗ്രഹം അനിശ്ചിതകാല നിരാഹാരത്തിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. ശ്മശാനം നിര്‍മിക്കുന്നതിനെതിരെ ഭൂമിയോട് ചേര്‍ന്നുള്ള രണ്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ കേസ് അടുത്തിടെയാണ് അവസാനിച്ചത്. ഉത്തരവ് രേഖാമൂലം ലഭിച്ചാലുടന്‍ ശ്മശാനത്തിന്റെ പണി തുടങ്ങുമെന്നാണ് പഞ്ചായത്ത് ഭരണസമിതിയുെട നിലപാട്. 

MORE IN NORTH
SHOW MORE
Loading...
Loading...