മലയോര മേഖലയിലെ വോൾട്ടേജ് പ്രതിസന്ധി; ദീർഘകാല പദ്ധതി വേണമെന്നാവശ്യം

substation-19
SHARE

ദീര്‍ഘകാലടിസ്ഥാനത്തിലുളള പദ്ധതികള്‍ കൊണ്ടുവന്നാല്‍ മാത്രമേ മലയോര മേഖലയിലെ വോള്‍ട്ടേജ് പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുളളൂവെന്ന് മലയോര വികസന സമിതി. ഇതിനായി കാഞ്ഞങ്ങാട് മാവുങ്കാലില്‍ സ്ഥിതിചെയ്യുന്ന 110കെ.വി സബ്സ്റ്റേഷന്‍ മാതൃകയില്‍ മലയോരത്തും  ഒരു സബ്സ്റ്റേഷന്‍ പ്രാവര്‍ത്തികമാക്കണമെന്നാണ് വികസന സമിതിയുടെ ആവശ്യം.  

കാസര്‍കോട് ജില്ലയിലെ മലയോര പ്രദേശത്തെ വൈദ്യുതി വോള്‍ട്ടേജ് ക്ഷാമത്തിന് വൈകാതെ പരിഹാരമാകുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ. നിര്‍മാണം പൂര്‍ത്തിയായ ഉത്തര മലബാറിലെ രണ്ടാമത്തെ ഇന്‍ഡോര്‍ സബ്സ്റ്റേഷനായ തട്ടുമ്മലിലെ 33കെവി സബ്സ്റ്റേഷന്‍  ജനുവരിയില്‍ കമ്മീഷന്‍ ചെയ്യും.  മാവുങ്കാലിലെ 110കെവി സബ്സ്റ്റേഷന്‍ മാതൃകയില്‍ മലയോരത്തും സബ്സ്റ്റേഷന്‍ സ്ഥാപിക്കുക എന്നുളളത് മലയോര വികസന സമിതിയുടെയടക്കം വര്‍ഷങ്ങളായുളള ആവശ്യമാണ്. നിലവില്‍  110കെവി സബ്സ്റ്റേഷനായായി ജില്ലാതിര്‍ത്തിയായ കുറ്റിക്കോലില്‍ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. ജനുവരി 27ന് സംസ്ഥാന വൈദ്യുതി മന്ത്രി എം.എം.മണി സബ്സ്റ്റേഷന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കും. 110കെവി സബ്സ്റ്റേഷന്റെ നിര്‍മാണം ഇൗ വര്‍ഷം അവസാനം പൂര്‍ത്തിയാക്കാനാണ് കെഎസ്ഇബിയുടെ ശ്രമം. എന്നാല്‍ പുതിയ പദ്ധതികള്‍ വരുന്നതിനൊപ്പം വൈദ്യുതി വിതരണത്തിലെ അപാകതകളും പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

മലയോര ഹൈവേയും കാഞ്ഞങ്ങാട് മടിക്കേരി ദേശീയ പാതയും ഉള്‍പ്പെടെ നിരവധി വികസന പദ്ധതികളാണ് മലയോര മേഖലയില്‍ നടക്കുന്നത്.  എന്നാല്‍ ഏത് വികസനത്തിലും അടിസ്ഥാനമാണ് വൈദ്യുതിയുടെ ലഭ്യത. അതിന് വൈദ്യുതി വിതരണം കാര്യക്ഷമമാകണം. അതിനായി ദീര്‍ഘകാലടിസ്ഥാനത്തില്‍ ഉളള പദ്ധതികളാണ് നടപ്പാക്കേണ്ടത്.    

MORE IN NORTH
SHOW MORE
Loading...
Loading...