വായ്പയെടുക്കാൻ വ്യാജരേഖകൾ; അന്വേഷണം ഊർജിതം

kozhikode-19001
SHARE

കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്റെ എലത്തൂര്‍ ശാഖയില്‍ നിന്ന് വായ്പയെടുക്കാന്‍ വ്യാജരേഖകള്‍ നിര്‍മിച്ച് നല്‍കിയ ആളെക്കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. വില്ലേജ് ഓഫിസ് കേന്ദ്രീകരിച്ചുള്ള തട്ടിപ്പിന് പിന്നിലെ പ്രധാന കണ്ണിയെന്നാണ് നിഗമനം. അറസ്റ്റിലായ സക്കറിയയുടെ രണ്ട് സഹോദരങ്ങളുള്‍പ്പെടെ മൂന്ന് പ്രതികളെ കണ്ടെത്താന്‍ പൊലീസ് ലുക്ക് ഔട്ട് നോട്ടീസിറക്കും.

കാന്തലാട്ട് വില്ലേജിന്റെ പേരില്‍ വ്യാജരേഖകള്‍ ചമച്ചുനല്‍കിയ ആളാണ് തട്ടിപ്പിലെ പ്രധാന കണ്ണി. അറസ്റ്റിലായ സക്കറിയയുടെ മൊഴിപ്രകാരം രേഖകള്‍ വളരെ വേഗത്തില്‍ തയാറാക്കിയെന്നാണ്. കെ.ഡി.സി ബാങ്കിന്റെ എലത്തൂര്‍ ശാഖയില്‍ സമാന തട്ടിപ്പുണ്ടായിട്ടോ എന്നതും പരിശോധിക്കും. ഒരു കോടി രൂപയുടെ വായ്പ്പാത്തട്ടിപ്പ് പുറത്ത് വന്നതിന് പിന്നാലെ വായ്പയിനത്തില്‍ വന്‍തുക സ്വന്തമാക്കി തിരിച്ചടവ് മുടക്കിയവരെ കണ്ടെത്താന്‍ ബാങ്കും ശ്രമം തുടങ്ങി. 

ഭൂമിയുടെ വിലകൂട്ടി കാണിച്ച് വായ്പയെടുക്കും. വായ്പത്തുക തിരിച്ചുപിടിക്കാന്‍ ജപ്തിയിലേക്ക് നീങ്ങുമ്പോഴാണ് യഥാര്‍ഥ ഭൂമിയെക്കുറിച്ചറിയുന്നത്. പലതും യാതൊരു മൂല്യവുമില്ലാത്ത മണ്ണായിരിക്കും. വായ്പ അനുവദിക്കും മുന്‍പ് ഉദ്യോഗസ്ഥര്‍ നേരിട്ട് സ്ഥലം പരിശോധിക്കണമെന്ന രീതി പലപ്പോഴും പാലിക്കപ്പെടുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. 

എലത്തൂര്‍ ശാഖയില്‍ നിന്ന് വായ്പയെടുത്ത് മുങ്ങിയ മൂന്നുപേര്‍ക്കായി അടുത്തദിവസം ലുക്കൗട്ട് നോട്ടീസിറക്കും. കേസില്‍ അറസ്റ്റിലായ എലത്തൂര്‍ ഗഫൂര്‍ മഹലില്‍ സക്കറിയയുടെ സഹോദരങ്ങളായ അബ്ദു റൗഫ്, മുഹമ്മദ് ബഷീര്‍ എന്നിവര്‍ മലേഷ്യയിലാണ്. കേസില്‍ പ്രതിയായ ഇവരുടെ ബന്ധു ഹിഷാമ് ഒളിച്ചുകഴിയുന്ന സ്ഥലം സ്ഥിരീകരിക്കാനായിട്ടില്ല. സക്കറിയ ഉള്‍പ്പെടെ നാലുപേര്‍ ചേര്‍ന്ന് 25 ലക്ഷം രൂപ വീതം ഒരു കോടി രൂപയുടെ വായ്പയാണെടുത്തത്. ബാലുശ്ശേരിയിലെ കാന്തലാട് വില്ലേജിന്റെ പേരിലാണ് നികുതി രശീത്, സ്കെച്ച്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് എന്നിവ തയാറാക്കിയത്. 2014 ല്‍ എടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയപ്പോള്‍ ബാങ്ക് മാനേജര്‍ വില്ലേജ് ഓഫിസില്‍ രേഖകള്‍ പരിശോധിച്ചപ്പോഴാണ് വ്യാജമാണെന്ന് കണ്ടെത്തിയത്.

MORE IN NORTH
SHOW MORE
Loading...
Loading...