റവന്യൂസംഘത്തിന് നേരെ ആക്രമണം; പ്രതികളെ ഉടൻ പിടികൂടാൻ നിർദ്ദേശം

attack-15
SHARE

കോഴിക്കോട് കുറ്റ്യാടിപ്പുഴയിലെ ആവളക്കടവില്‍ മണല്‍കടത്ത് പിടികൂടാനെത്തിയ റവന്യൂസംഘത്തെ ആക്രമിച്ചവരെ വേഗത്തില്‍ പിടികൂടാന്‍ കലക്ടറുടെ രണ്ടാംവട്ട നിര്‍ദേശം. ആക്രമണമുണ്ടായി അന്‍പത് ദിവസം കഴിഞ്ഞിട്ടും നാലുപേരില്‍ രണ്ടാളുകള്‍ മാത്രമാണ് അറസ്റ്റിലായത്. പൊലീസ് ഒളിവിലെന്നറിയിച്ച രണ്ടാളുകള്‍ വീണ്ടും മണല്‍കടത്തില്‍ സജീവമായെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കലക്ടര്‍ വീണ്ടും എസ്.പിയോട് ആവശ്യമറിയിച്ചത്. 

ആവളക്കടവിലെ അനധികൃത മണല്‍കടത്ത് തടയാനെത്തിയ കൊയിലാണ്ടി തഹസില്‍ദാര്‍ ഓഫിസിലെ ക്ലര്‍ക്ക് ശരത് രാജ്, ഡ്രൈവര്‍ ബിനു എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. നാട്ടുകാരും മണല്‍മാഫിയ സംഘാംഗങ്ങളും ചേര്‍ന്ന് മര്‍ദിച്ചെന്ന് കാട്ടി ഡെപ്യുട്ടി തഹസില്‍ദാര്‍ മേപ്പയൂര്‍ പൊലീസില്‍ പരാതി നല്‍കി. ഒന്നരയാഴ്ചയ്ക്ക് ശേഷം ആവള സ്വദേശി ലത്തീഫ്, തോടന്നൂര്‍ സ്വദേശി മുസ്തഫ എന്നിവരെ മേപ്പയൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

ഇവരുടെ സുഹൃത്തുക്കളായ രണ്ടുപേരെക്കൂടി പ്രതി ചേര്‍ത്തിരുന്നെങ്കിലും ഇവര്‍ നാടുവിട്ടു. തിരിച്ചെത്തി വീണ്ടും മണല്‍വാരലില്‍ സജീവമായ ഇവരെ പൊലീസിന് കണ്ടെത്താനായില്ലെന്നാണ് പരാതി ഉയര്‍ന്നത്. ഇരുവരെയും വേഗത്തില്‍ പിടികൂടുന്നതിനൊപ്പം ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷിതമായി ജോലി പൂര്‍ത്തിയാക്കുന്നതിനുള്ള സാഹചര്യം വേണമെന്നാണ് കലക്ടറുടെ നിര്‍ദേശം.  

കുറ്റ്യാടിപ്പുഴയിലെ പെരിഞ്ചേരിക്കടവ്, ആവളക്കടവ് എന്നിവിടങ്ങളിലാണ് വ്യാപകമായി അനധികൃത മണലൂറ്റുള്ളത്. ഒരുമാസത്തിനിടെ ഇരുപത്തി അഞ്ചിലധികം ലോഡ് മണ്ണും, വാഹനങ്ങളുമാണ് റവന്യൂസംഘം പിടികൂടിയത്. പരിശോധനയ്ക്ക് ഉദ്യോഗസ്ഥരെത്തുന്നുവെന്ന് മനസിലാക്കിയാലുടന്‍ മണല്‍ വാരലിലേര്‍പ്പെട്ടിരിക്കുന്നവര്‍ പുഴ നീന്തി മറുകര കടക്കുന്നതാണ് പതിവ്. 

MORE IN NORTH
SHOW MORE
Loading...
Loading...