വിദ്യാലയം പ്ലാസ്റ്റിക് വിമുക്തമാക്കാന്‍ വേറിട്ട പദ്ധതിയുമായി വിദ്യാര്‍ഥികള്‍

plastic
SHARE

വിദ്യാലയം പ്ലാസ്റ്റിക്ക് മുക്തമാക്കാൻ വേറിട്ട പദ്ധതിയുമായി മലപ്പുറം വണ്ടൂര്‍ വി.എം.സി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍. സ്കൂള്‍ പരിസരത്ത് മിഠായി കടലാസുകളും ഐസ്ക്രീം കവറുകളും പെരുകിയതോടെയാണ് സ്കൂളിലെ എന്‍.എസ്.എസ് യൂണിറ്റ് വ്യത്യസ്ത പദ്ധതിയുമായി രംഗത്തെത്തിയത്. 

പന്ത്രണ്ട് ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ മൂവായിരത്തിലധികം കുട്ടികൾ പഠിക്കുന്നുണ്ട്. ഇടവേളകളില്‍ വിശാലമായ ക്യാംപസിലൂടെ മിഠായികളും ഐസ്ക്രീമുമെല്ലാം കഴിച്ച് നടക്കുന്ന വിദ്യാര്‍ഥികള്‍ പക്ഷെ കവറുകള്‍ നിലത്തുതന്നെ ഉപേക്ഷിച്ചു. ഇവ ശേഖരിച്ച് മടുത്തതോടെയാണ് സ്കൂളിലെ എന്‍.എസ്.എസ് യൂണിറ്റ് ഭാരവാഹികള്‍ പദ്ധതി ഒന്ന് മാറ്റിപ്പിടിച്ചത്.വിദ്യാലയ വളപ്പില്‍ ചിതറിക്കിടക്കുന്ന മിഠായികളുടെ കവറുകള്‍ ശേഖരിച്ച് എന്‍.എസ്.എസ് കേന്ദ്രത്തിലെത്തിക്കുക. ഏറ്റവും കൂടുതല്‍ കവറുകള്‍ എത്തിക്കുന്നവര്‍ക്ക് ബിരിയാണി മുതല്‍ സിനിമാടിക്കറ്റ് വരെ സമ്മാനം. ഇത് കേട്ടതോടെ സ്കൂളില്‍ ചിതറി കിടക്കുന്ന പ്ലാസ്റ്റിക് ശേഖരിക്കാന്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ മല്‍സരമായി.

എന്‍.എസ്.എസ് ഭാരഹാവികളുടെ കണക്കുതെറ്റിച്ച് രണ്ട് മണിക്കൂറിനുള്ളില്‍ വിദ്യാലയ വളപ്പിലെ മുഴുവൻ കവറുകളും തിരിച്ചെത്തി. നാട്ടുകാരുടെയും പഞ്ചായത്തംഗങ്ങളുടെയും സഹായത്തോടെയാണ് സമ്മാനങ്ങള്‍ക്കായുള്ള തുക കണ്ടെത്തിയത്. ചാക്കിലാക്കിയ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ വിദ്യാര്‍ഥികള്‍ പഞ്ചായത്തിന് കൈമാറി. 

MORE IN NORTH
SHOW MORE
Loading...
Loading...