ലക്ഷങ്ങൾ കൈക്കലാക്കി; നിയമനമില്ല; സ്കൂളിനെതിരെ വിജിലൻസ് അന്വേഷണം

school-web
SHARE

കോഴിക്കോട് വട്ടോളിയില്‍ കോണ്‍ഗ്രസ് ട്രസ്റ്റിന് കീഴിലുള്ള ഹയര്‍ സെക്കന്‍‍‍ഡറി സ്കൂളില്‍ ലക്ഷങ്ങള്‍ വാങ്ങിയ ശേഷം നിയമനം നല്‍കിയില്ലെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണം. വട്ടോളി കുനിയില്‍ നിജുലയുടെയും കുടുംബത്തിന്റെയും പരാതിയിലാണ്  പരിശോധന തുടങ്ങിയത്. നിയമന ഉത്തരവ് കിട്ടും വരെ സമരമെന്നറിയിച്ച് സ്കൂളിന് മുന്നില്‍ ഉപവാസമിരിക്കുന്ന കുടുംബം പ്രശ്ന പരിഹാരത്തിനായി കെ.പി.സി.സി പ്രസിഡന്റിനെയും സമീപിച്ചു.

സ്കൂള്‍ ട്രസ്റ്റ് അംഗമായ കുനിയില്‍ അനിലിന്റെ ഭാര്യയാണ് നിജുല. എട്ട് വര്‍ഷമായി സ്കൂളില്‍ കംപ്യൂട്ടര്‍ ഇന്‍സ്ട്രക്ടറായി ജോലി നോക്കുകയായിരുന്നു. സ്ഥിരനിയമനം ആഗ്രഹിച്ചാണ് അനധ്യാപക തസ്തികയില്‍ പണം നല്‍കി ജോലി നേടാന്‍ ശ്രമിച്ചത്. കോണ്‍ഗ്രസ് ഭരണസമിതി പാര്‍ട്ടിക്കാരായ കുടുംബത്തെ കൈവിടില്ലെന്നാണ് കരുതിയിരുന്നത്. ഭരണസമിതിയിലെ ട്രഷറര്‍ രണ്ടരലക്ഷം രൂപ ഇവരില്‍ നിന്ന് വാങ്ങുകയും ചെയ്തു. പലതവണ ജോലിക്കാര്യത്തെക്കുറിച്ച് മാനേജ്മെന്റിനോട് തിരക്കിയെങ്കിലും മറുപടിയുണ്ടായില്ല. മാനേജരുടെ സഹായിക്ക് ജോലി നല്‍കിയെന്ന് മാത്രമല്ല പിന്നീട് ഭീഷണിപ്പെടുത്തുന്നത് പതിവായെന്നും കുടുംബം പറയുന്നു. ഇതോടെ വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. പ്രാഥമിക പരിശോധനയില്‍ തന്നെ സ്കൂളിലെ നേരത്തെയുള്ള നിയമനങ്ങളില്‍ പലതും ലക്ഷങ്ങള്‍ വാങ്ങിയെന്ന് തെളിഞ്ഞിട്ടുണ്ട്. നിരവധി രേഖകളും വിജിലന്‍സ് സംഘം പിടിച്ചെടുത്തിട്ടുണ്ട്. നിയമന ഉത്തരവ് കിട്ടും വരെ സ്കൂളിന് മുന്നില്‍ പ്രതിഷേധം തുടരുമെന്നും കുടുംബം.  

കെ.പി.സി.സി പ്രസിഡന്റ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അനിലും കുടുംബവും പരാതി നല്‍കിയിട്ടുണ്ട്. വൈകാതെ പരിഹാരം കാണാമെന്നാണ് അദ്ദേഹം അറിയിച്ചിട്ടുള്ളത്. പ്രതിഷേധം കനത്തതോടെ രണ്ടരലക്ഷം വാങ്ങിയ ഭാരവാഹിയെ സ്കൂള്‍ ഭരണസമിതി  പുറത്താക്കി. നിജുലയ്ക്ക് വാഗ്ദാനം നല്‍കിയിട്ടില്ലെന്നും മാനദണ്ഡങ്ങള്‍ പാലിച്ചുള്ള നിയമനം മാത്രമാണുണ്ടായതെന്നുമാണ് മാനേജ്മെന്റിന്റെ നിലപാട്.

MORE IN NORTH
SHOW MORE
Loading...
Loading...