ഡ്രൈവിങ് സ്‌കൂൾ-മോട്ടോർ വാഹനവകുപ്പ് തർക്കം; അവസരം ലഭിക്കാതെ അപേക്ഷകർ

drivingtest-01
SHARE

ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന സ്ഥലവുമായി ബന്ധപ്പെട്ട് ഡ്രൈവിങ് സ്‌കൂളുകളും മോട്ടോര്‍ വാഹന വകുപ്പും തമ്മിലുണ്ടായ പിടിവാശിയില്‍ നിരവധി അപേക്ഷകര്‍ക്ക് ടെസ്റ്റിന് അവസരം ലഭിച്ചില്ല. തിരൂരങ്ങാടി പൂക്കിപ്പറമ്പിലെ ഹൈവേ അതോറിറ്റിയുടെ കീഴിലുള്ള സ്ഥലത്താണ് ടെസ്റ്റ് നടത്താറുള്ളത്. എന്നാല്‍ ഇവിടം ഡ്രൈവിങ് സ്‌കൂളുകള്‍ കോണ്‍ക്രീറ്റ് ചെയ്തത് വകുപ്പ് തടഞ്ഞതോടെയാണ് അപേക്ഷകര്‍ പ്രയാസത്തിലായത്. 

രണ്ട് ദിവസം മുന്‍പാണ് തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പിന് കീഴില്‍ സ്ഥിരമായി ടെസ്റ്റ് നടത്താറുള്ള പൂക്കിപ്പറമ്പിലെ ഹൈവേ അതോറിറ്റിയുടെ സ്ഥലം ഡ്രൈവിങ് സ്‌കൂളുകളുടെ നേതൃത്വത്തില്‍ കോണ്‍ക്രീറ്റ് ചെയ്തത്. കല്ലുകള്‍ നിറഞ്ഞ സ്ഥലം ഇരചക്ര വാഹന ടെസ്റ്റിന് പ്രതികൂലമാകുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. നടപടി ഹൈവേ അതോറിറ്റി തടഞ്ഞതോടെ ടെസ്റ്റില്‍ നിന്നും മോട്ടോര്‍ വാഹന വകുപ്പ് പിന്‍മാറി. തൊട്ടടുത്ത സ്ഥലത്ത് ടെസ്റ്റ് നടത്താന്‍ അപേക്ഷകര്‍ തയാറായിട്ടും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ രാവിലെ മുതല്‍ കാത്തുനിന്ന അപേക്ഷകരെ നിരാശയിലാക്കുകയായിരുന്നു.

അനുമതി വാങ്ങാതെ നടത്തിയ അറ്റകുറ്റപ്പണികള്‍ വ്യാഴാഴ്ചയോടെ പൊളിച്ച് നീക്കാമെന്ന് ഡ്രൈവിങ് സ്‌കൂളുകള്‍ അറിയിച്ചിട്ടുണ്ട്. അതുവരെ സ്ഥലം ഉപയോഗിക്കാന്‍ ഹൈവേ അതോറിറ്റിയില്‍ നിന്നും അനുമതി ലഭിച്ചതാണെന്നും ഇവര്‍ പറയുന്നു. സ്ഥലവുമായി ബന്ധപ്പെട്ട് ഇരുവിഭാഗവും വാശിയില്‍ ഉറച്ച് നിന്നതോടെ സ്ത്രീകളടക്കം നിരവധിപേരാണ് ടെസ്റ്റിന് അവസരം ലഭിക്കാതെ മടങ്ങിയത്. 

MORE IN NORTH
SHOW MORE
Loading...
Loading...