ഏതു നിമിഷവും നിലംപൊത്താവുന്ന പാലം; പ്രതിഷേധവുമായി നാട്ടുകാർ

bridge
SHARE

മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മടത്ത് അപകടാവസ്ഥയിലായ വെങ്ങപ്പറ്റ–മാമ്പ പള്ളി കനാല്‍ പാലം പുതുക്കിപ്പണിയണമെന്ന നാട്ടുകാരുടെ  ആവശ്യം ചുവപ്പുനാടയില്‍ കുടുങ്ങി. അഞ്ചരക്കണ്ടി പഞ്ചായത്തിലെ നൂറ്റമ്പതോളം കുടുംബങ്ങളാണ് ഏത് നിമിഷവും നിലംപൊത്താന്‍ സാധ്യതയുള്ള പാലത്തെ ആശ്രയിക്കുന്നത്. മഴക്കാലമായതോടെ അപകടസാധ്യത വീണ്ടും കൂടിയെന്ന് നാട്ടുകാര്‍ പറയുന്നു.

വെങ്ങപ്പറ്റ–മാമ്പ പള്ളി നടപ്പാലത്തിന് നാല് പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. മൂന്ന് മീറ്റര്‍ വീതിയില്‍ കാല്‍നട യാത്രക്കായാണ് പഴശി കനാലിന് കുറുകെ പാലം നിര്‍മിച്ചത്. പ്രദേശത്ത് ഇപ്പോള്‍ നൂറ്റമ്പതോളം വീടുകളായി. നിരവധി പേരാണ് പാലത്തിലൂടെ ദിവസേന സഞ്ചരിക്കുന്നത്. സമീപത്തെ എല്‍.പി.സ്കൂളിലേക്കും അംഗനവാടിയിലേക്കും കുട്ടികള്‍ പോകുന്നതും ഇതേ പാലത്തിലൂടെയാണ്. അടിഭാഗത്തെ കോണ്‍ക്രീറ്റുകള്‍ അടര്‍ന്നു തുടങ്ങി. കമ്പികള്‍ ഇളകിവീണു .

കുറച്ച്കൂടി വീതിയുള്ള പാലം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ജലസേചന വകുപ്പിന്‍റെ കയ്യിലുള്ള സ്ഥലത്ത് പാലം നിര്‍മിക്കാന്‍ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചെങ്കിലും ഫയലുകള്‍ നീങ്ങിയില്ല. മുഖ്യമന്ത്രിയുടെ ഓഫിസ് ആവര്‍ത്തിച്ച് പറഞ്ഞിട്ടും പഞ്ചായത്ത് അധികൃതര്‍ക്ക് കുലുക്കമില്ല. അതേ സമയം, പാലം നിര്‍മാണത്തിനുള്ള നടപടികള്‍ പരിശോധിച്ച് വേഗത്തിലാക്കുമെന്ന് കഴിഞ്ഞ ദിവസം ചുമതലയേറ്റ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

MORE IN NORTH
SHOW MORE
Loading...
Loading...