ദാരുശില്പങ്ങളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കും; ഉറപ്പുമായി മന്ത്രി

kasargoad
SHARE

കാസര്‍കോട് ജില്ലയിലെ പൗരാണിക ക്ഷേത്രങ്ങളിലൊന്നായ കാഞ്ഞങ്ങാട് , മഡിയന്‍ കുലോം ക്ഷേത്രപാലക ക്ഷേത്രത്തിലെ ദാരുശില്പങ്ങളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കും. സംരക്ഷണച്ചുമതല പുരാവസ്തു വകുപ്പിനെ ഏല്‍പിക്കാനാണ് തീരുമാനം. ഇതിനുവേണ്ട ഇടപെടല്‍ നടത്തുമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ ക്ഷേത്രം ഭാരവാഹികള്‍ക്ക് ഉറപ്പു നല്‍കി.   

അഞ്ഞൂറ് വർഷത്തോളം പഴക്കമുള്ള ക്ഷേത്രത്തിൽ അപൂർവ്വമായ ദാരുശിൽപങ്ങളാണ് സംരക്ഷണമില്ലാതെ നശിക്കുന്നത്.ക്ഷേത്രഭാരവാഹികള്‍ വിവരം ശ്രദ്ധയില്‍പ്പെടുത്തിയതോടെ മന്ത്രി ഇ.ചന്ദ്രശേഖരന്‍ ക്ഷേത്രത്തിലെത്തി. സീതാസ്വയംവരം വരെയുള്ള രാമായണകഥ ഇവിടെ ശിൽപ സമുച്ചയമായി ചിത്രീകരിച്ചിരിക്കുന്നു.  കാലപ്പഴക്കത്താൽ തനിമ നഷ്ടപ്പെട്ട ശിൽപ്പങ്ങൾ, മേൽക്കൂര തകര്‍ന്നതോടെ ചോർന്ന് വെള്ളം വീണ് ദ്രവിച്ചുതുടങ്ങി. പ്രകൃതിജന്യ ചായങ്ങളുപയോഗിച്ച് നിറം പകർന്നവയായിരുന്നു ഈ ശിൽപങ്ങൾ. ഇവയുടെ സംരക്ഷണത്തിന് മുഖ്യമന്ത്രിയുമായും പുരാവസ്തു വകുപ്പുമായും ചർച്ച നടത്തി നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. 

പുരാണ കഥാസന്ദര്‍ഭങ്ങള്‍ അടയാളപ്പെടുത്തിയ ശില്പങ്ങൾ ചരിത്രതിരുശേഷിപ്പുകളാണ്. ഒരു കാലഘട്ടത്തിന്റെ വാസ്തുവിദ്യയിലേയ്ക്ക് വെളിച്ചം വീശാന്‍ ഇവയ്ക്കാകുമെന്നാണ് പ്രതീക്ഷ. പുരാവസ്തു വകുപ്പിന് പുറമെ, ദേവസ്വം ബോർഡ്, ടൂറിസം എന്നീ വകുപ്പുകളുമായും ചേര്‍ന്നായിരിക്കും ശില്‍പങ്ങളുടെ സംരംക്ഷണ ജോലികള്‍ നടത്തുക. ക്ഷേത്രം കേന്ദ്രീകരിച്ച് കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്ന ഉറപ്പു നല്‍കിയാണ് മന്ത്രി മടങ്ങിയത്.

MORE IN NORTH
SHOW MORE
Loading...
Loading...