വില്ല്യാപ്പള്ളി ജലനിധി പാഴായി; ലോകബാങ്ക് പദ്ധതി ഉപേക്ഷിച്ചതായി സൂചന

jalanidhi-new
SHARE

 നാട്ടുകാരുടെ എതിർപ്പ് മറികടന്ന്,, നാൽപത് ലക്ഷം രൂപാ മുടക്കി ലോകബാങ്ക് സഹായത്താൽ കോഴിക്കോട് വില്ല്യാപ്പള്ളി പഞ്ചായത്തിൽ നിർമിച്ച ജലനിധി പദ്ധതി പാഴായി. പമ്പിങ് ആരംഭിച്ചതോടെ പ്രദേശത്തെ മറ്റ് കിണറുകള്‍ വറ്റാന്‍ തുടങ്ങിയതാണ് പദ്ധതി ഉപേക്ഷിക്കാന്‍ ലോകബാങ്കിനെ നിര്‍ബന്ധിപ്പിച്ചത്. എന്നാല്‍ രേഖാമൂലം അറിയിപ്പൊന്നും ലഭിക്കാത്തതിനാൽ പമ്പിങ് പുനരാരംഭിക്കാനുള്ള ശ്രമം പഞ്ചായത്ത് അധികൃതർ ആരംഭിച്ചു. 

നാല്‍പത്തിമൂന്ന് കുടുംബങ്ങള്‍ക്ക് ശുദ്ധജലമെത്തിക്കാനാണ് ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന പതിനാലാംവാര്‍ഡില്‍ കിണര്‍ കുഴിച്ചത്. നിലവിലുള്ള കിണറില്‍നിന്ന് മുന്നൂറ് മീറ്റര്‍ മാറി മാത്രമെ പൊതുകിണര്‍ കുഴിക്കാവു എന്ന ചട്ടം മറികടന്നായിരുന്നു നിര്‍മാണം. പ്രദേശവാസികള്‍ എതിര്‍പ്പറിയിച്ച് സമരം നടത്തിയെങ്കിലും ഉദ്യോഗസ്ഥര്‍ ഗൗരവത്തിലെടുത്തില്ല. പരീക്ഷണ പമ്പിങ് നടത്തിയപ്പോള്‍ പത്തോളം കിണറുകളിലെ വെള്ളം വറ്റി. 

നാട്ടുകാര്‍ കോടതിയെ സമീപിച്ചതോടെ ലോകബാങ്ക് അധികൃതര്‍ ഇടപെട്ടു. പരാതി നേരിട്ട് പരിശോധിച്ച ഉദ്യോഗസ്ഥര്‍ പദ്ധതി മറ്റൊരിടത്തേക്ക് മാറ്റാന്‍ തീരുമാനിച്ചു. 

ലോക ബാങ്കില്‍നിന്ന് അറിയിപ്പൊന്നും ലഭിച്ചില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി പറയുന്നു. പദ്ധതിയുടെ ഗുണഭോക്താക്കള്‍ പരാതിയുമായി എത്തിയതിനാല്‍ ജലവിതരണം പുനരാരംഭിക്കാനുള്ള തീരുമാനത്തിലാണ് പഞ്ചായത്ത്. 

MORE IN NORTH
SHOW MORE
Loading...
Loading...