കണിവെള്ളരിയും പച്ചക്കറിയും വീടുകളിലെത്തിച്ച് മാതൃകയായി ഒരു കൂട്ടായ്മ

community
SHARE

കണിവെള്ളരിയും പച്ചക്കറിയും വീടുകളിലെത്തിച്ച് കോഴിക്കോട് കോട്ടൂളിയിലെ കൂട്ടായ്മ. ഉദയം റസിഡന്റ്സ് അസോസിയേഷനാണ് ജൈവകൃഷിയിലൂടെ വിഷുക്കാഴ്ചയൊരുക്കിയത്. 

കാഴ്ചയില്‍ മാത്രമല്ല ഗുണത്തിലും മികവുണ്ടാകണമെന്ന് കരുതിയായിരുന്നു കൃഷി. കൃഷിഭവനില്‍ നിന്ന് വിത്ത് ശേഖരിച്ചു. പൂര്‍ണമായും ജൈവരീതി. പരിപാലനത്തിന് പ്രത്യേക സംഘം. കടുത്ത വേനലില്‍ രാവിലെയും വൈകിട്ടും കുടുംബാംഗങ്ങള്‍ മുടക്കമില്ലാതെ കൃഷിയിടം നനച്ചു. നൂറുമേനി വിള ലഭിച്ചു. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണത്തെ വിഷു ആഘോഷത്തിന് മുഴുവന്‍ കുടുംബങ്ങള്‍ക്കും സൗജന്യമായി കണിവെള്ളരി. പയറും, വെണ്ടയും, മത്തനും ഉള്‍പ്പെടെ പച്ചക്കറി പിന്നാലെ. ആഘോഷത്തിന് മാറ്റ് കൂട്ടാന്‍ ഇതിനപ്പുറം വേറൊന്നില്ല. 

പൂര്‍ണമായി കാടുമൂടിയിരുന്ന പ്രദേശം കൃഷിയിടമാക്കി മാറ്റിയപ്പോള്‍ മികച്ച മാതൃകയായി. കുട്ടികളുള്‍പ്പെടെ താല്‍പര്യത്തോടെ കൃഷിയില്‍ പങ്കാളികളായി. അടുത്തവര്‍ഷം പത്തിലധികം ഇനം പച്ചക്കറികള്‍ ഓണം ഉള്‍പ്പെടെയുള്ള ആഘോഷങ്ങളില്‍ വിതരണം ചെയ്യുകയാണ് ലക്ഷ്യം. 

MORE IN NORTH
SHOW MORE