എക്സൈസ് വകുപ്പിന്റെ ലഹരിവിമുക്തി കേന്ദ്രം കോഴിക്കോടും

kozhikode-drugs-hospital
SHARE

ലഹരിയില്‍പ്പെട്ടവരെ ജീവിതത്തിലേക്ക് തിരികെയെത്തിക്കുന്നതിനുള്ള എക്സൈസ് വകുപ്പിന്റെ ലഹരിവിമുക്തി കേന്ദ്രം കോഴിക്കോടും. ബീച്ച് ആശുപത്രിയോട് ചേര്‍ന്ന് കിടത്തിച്ചികില്‍സയുള്‍പ്പെടെയുള്ള സൗകര്യങ്ങളുമായി കേന്ദ്രം ഇരുപതിന് പ്രവര്‍ത്തനം തുടങ്ങും. ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ജീവനക്കാരുടെ നിയമനം പൂര്‍ത്തിയായിട്ടുണ്ട്.   

ഒ.പി സമയം ഒന്‍പത് മുതല്‍ നാല് വരെയാണെങ്കിലും ഇരുപത്തി നാല് മണിക്കൂറും കേന്ദ്രം തുറന്നിരിക്കും. രാത്രികാലങ്ങളില്‍ ബീച്ച് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സേവനം കൂടി പ്രയോജനപ്പെടുത്തും. പത്ത് കിടക്കകളാണ് വാര്‍ഡില്‍ ക്രമീകരിക്കുന്നത്. കുട്ടികളെയും യുവതീ യുവാക്കളെയും ലക്ഷ്യമിട്ടാണ് തുടങ്ങുന്നതെങ്കിലും മുതിര്‍ന്നവര്‍ക്കും ചികില്‍സ ലഭിക്കും. പുതിയറയില്‍ പ്രവര്‍ത്തിക്കുന്ന എക്സൈസിന്റെ കൗണ്‍സലിങ് സെന്ററിലെത്തിയ ഇരുപതാളുകള്‍ ഇതിനകം കൂടുതല്‍ ചികില്‍സക്കായി  കാത്തിരിക്കുകയാണ്. ഒരു മെഡിക്കല്‍ ഓഫിസര്‍, സൈക്യാട്രിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ക്ലിനിക്കല്‍ സോഷ്യല്‍ വര്‍ക്കര്‍, മൂന്ന് നഴ്സുമാര്‍, തുടങ്ങി 11 ജീവനക്കാരുണ്ടാകും. കൗണ്‍സലിങ്, തെറാപ്പി, മരുന്ന് ചികില്‍സ എന്നിവയുള്‍പ്പെടുന്ന എല്ലാ സേവനങ്ങളും ലഭിക്കും. 

  എക്സൈസ് പത്ത് ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നവീകരിച്ചത്. ജീവനക്കാരുടെ ശമ്പളവും ചികില്‍സയിലുള്ളവര്‍ക്കാവശ്യമായ മുഴുവന്‍ കാര്യങ്ങളും എക്സൈസിന്റെ മേല്‍നോട്ടത്തിലായിരിക്കും. 

MORE IN NORTH
SHOW MORE