വിദ്യാഭ്യാസമേഖലാപ്രഖ്യാപനം വിനയായി; രണ്ടായിരത്തിലധികം കുടുംബങ്ങൾ പട്ടിണിയിൽ

kozhikode-land-family
SHARE

വിദ്യാഭ്യാസ മേഖല പ്രഖ്യാപനം കാരണം കോഴിക്കോട് ഒളവണ്ണയിലെ രണ്ടായിരത്തിലധികം കുടുംബങ്ങള്‍ ദുരിതത്തില്‍. വീട് നിര്‍മാണത്തിനോ പുതുക്കിപ്പണിയുന്നതിനോ റവന്യൂ അധികൃതര്‍ അനുമതി നല്‍കുന്നില്ലെന്നാണ് പരാതി. വേണ്ടത്ര പഠനമില്ലാതെയും കുടുംബങ്ങളുടെ അനുമതി കൂടാതെയും ഭൂമി ഏറ്റെടുത്ത നടപടി പിന്‍വലിക്കണമെന്നാണ് ആവശ്യം. 

പലര്‍ക്കും അഞ്ച് സെന്റില്‍ കൂടുതലില്ല. നിത്യചെലവിന് കൂലിപ്പണയല്ലാതെ മറ്റ് മാര്‍ഗങ്ങളുള്ളവരും കുറവ്. സ്വന്തമായൊരു കൂര ആഗ്രഹിച്ച് ഉള്ളതെല്ലാം വിറ്റുപെറുക്കി പലരും വീട് നിര്‍മാണത്തിന് അപേക്ഷയുമായെത്തി. രേഖകള്‍ ആവശ്യപ്പെടുമ്പോഴാണറിയുന്നത്. അനുമതിയില്ല. നിങ്ങളുടെ ഭൂമി വിദ്യാഭ്യാസമേഖലയിലാണ്. രണ്ടായിരത്തിലധികം കുടുംബങ്ങളുടെ ആശങ്ക ബാക്കി. ആകാശ സര്‍വേയുടെ സഹായത്താല്‍ ഭൂമി ഏറ്റെടുത്തിട്ട് ഏറെനാളായെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. നേരത്തെ പണി തുടങ്ങി ഇപ്പോള്‍ പൂര്‍ത്തീകരിച്ച വീടുകളുടെ രേഖ നല്‍കാനും തടസമുണ്ട്. സ്വന്തം മക്കളുടെ പേരില്‍ പോലും രക്ഷിതാക്കള്‍ക്ക് വസ്തു കൈമാറ്റത്തിന് അനുമതിയില്ല. നിലവിലെ സാഹചര്യത്തില്‍ പെണ്‍കുട്ടികളുടെ വിവാഹം പോലും നീട്ടിവയ്ക്കേണ്ട അവസ്ഥയുണ്ട്. ഈ പ്രതിസന്ധി എന്ന് നീങ്ങുമെന്ന് ചോദിച്ചാല്‍ വില്ലേജ് ഓഫിസര്‍ക്കോ ബന്ധപ്പെട്ട അധികാരികള്‍ക്കോ മറുപടിയില്ല. 

വിദ്യാഭ്യാസ വികസനത്തിനായി ഒളവണ്ണ പഞ്ചായത്തിലെ ആറും പത്തും വാര്‍ഡുകള്‍ വിദ്യാഭ്യാസമേഖലയാക്കിയെന്നാണ് വിശദീകരണം. അങ്ങനെയെങ്കില്‍ സമീപത്ത് തരിശായിക്കിടക്കുന്ന ഏക്കര്‍ക്കണക്കിന് സ്വകാര്യ ഭൂമി എന്തുകൊണ്ട് റവന്യൂവകുപ്പ് കണ്ടില്ല എന്നതാണ് നാട്ടുകാരുടെ സംശയം. വികസന വിരോധികളെന്ന് നിങ്ങള്‍ ഞങ്ങളെ വിളിക്കരുത്. എന്നാല്‍ ഞങ്ങളുടെ പ്രതിസന്ധി അറിഞ്ഞുള്ള ഇടപെടല്‍ വേണമെന്നാണ് കുടുംബങ്ങളുടെ അപേക്ഷ. 

MORE IN NORTH
SHOW MORE