കാഞ്ഞിരപ്പുഴ ജലസേചനപദ്ധതിയുടെ കനാലുകള്‍ തകര്‍ന്നത് കര്‍ഷകര്‍ക്ക് തിരിച്ചടി

Palakkad-vellinezhi-kanal
SHARE

പാലക്കാട് വെള്ളിനേഴി പഞ്ചായത്തില്‍ കാഞ്ഞിരപ്പുഴ ജലസേചനപദ്ധതിയുടെ കനാലുകള്‍ തകര്‍ന്നത് കര്‍ഷകര്‍ക്ക് തിരിച്ചടിയായി. വടക്കൻ വെളളിനേഴിയില്‍ അഞ്ചുകിലോമീറ്റര്‍ ദൂരത്തിലാണ് കനാലുകള്‍ ഉപയോഗശൂന്യമായത്. 

കാഞ്ഞിരപ്പുഴ ജലസേചനപദ്ധതിയുടെ വെളളിനേഴി ഭാഗത്തേക്കുളള ഉപകനാലുകളാണ് കാലങ്ങളായി അറ്റകുറ്റപ്പണിയില്ലാതെ നശിച്ചത്.

അഞ്ചുകിലോമീറ്റര്‍ ദൂരത്തില്‍ കനാലിന്റെ പലഭാഗങ്ങളും ഇടിഞ്ഞതോടെ ശ്രീകൃഷ്ണപുരം തിരുവാഴിയോടിൽ നിന്ന് വെള്ളിനേഴി ഭാഗത്തെ നാല് പാടശേഖരത്തിലേക്ക് വെള്ളം എത്തുന്നില്ലെന്നാണ് കർഷകരുടെ പരാതി. നാലു പാടശേഖരങ്ങളിലെ 250 ല്‍ അധികം കര്‍ഷകരാണ് വെളളമില്ലാതെ ബുദ്ധിമുട്ടുന്നത്.

ചിലയിടങ്ങളില്‍ കനാല്‍ ചോര്‍ന്ന് സ്വകാര്യപറമ്പുകളിലേക്ക് ഒഴുകി ജലനഷ്ടം ഉണ്ടാകുന്നു. ‌വ്യാപകമായി മണ്ണടിഞ്ഞ് കിടക്കുന്നു. പണം അനുവദിപ്പിച്ച് അറ്റകുറ്റപ്പണി ചെയ്യിക്കാതെ ജലസേചന ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയെന്നാണ് ആക്ഷേപം. 

കോൺക്രീറ്റിൽ നിർമിച്ച നീര്‍പ്പാലത്തിന്റെ കമ്പികൾ തുരുമ്പെടുത്തും, വിണ്ടുകീറിയ അവസ്ഥയുമാണ്. തൊഴിലുറപ്പുതൊഴിലാളികളെ ഉപയോഗിച്ച് കനാല്‍ വൃത്തിയാക്കാന്‍ ഗ്രാമപഞ്ചായത്തും അറ്റകുറ്റപ്പണി നടത്താന്‍ ജലസേചന വിഭാഗവും താല്‍പര്യമെടുക്കണമെന്നാണ് പൊതുഅഭിപ്രായം. 

MORE IN NORTH
SHOW MORE