പൊതുകുളം കൈയ്യേറി കെട്ടിടം നിര്‍മിച്ചതില്‍ പഞ്ചായത്തിന് വീഴ്ചയില്ലെന്ന് വിശദീകരണം

panchayathaction-02
SHARE

കോഴിക്കോട് കോടഞ്ചേരിയില്‍ പൊതുകുളം കൈയ്യേറി സ്വകാര്യവ്യക്തി കെട്ടിടം നിര്‍മിച്ചതില്‍ പഞ്ചായത്തിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് വിശദീകരണം. കൈയ്യേറിയെന്ന് കെട്ടിട ഉടമ തന്നെ രേഖാമൂലം മറുപടി നല്‍കിയതിനാല്‍ എത്രയും വേഗം അനധികൃത നിര്‍മാണം പൊളിച്ചുനീക്കും. നാട്ടുകാരുടെ പരാതി കിട്ടിയ ഉടന്‍ നടപടിക്ക് ശ്രമം തുടങ്ങിയതായും കോ‍ടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും വ്യക്തമാക്കി. 

നാട്ടുകാരാണ് കുളം കൈയ്യേറിയത് ആദ്യമായി പഞ്ചായത്തില്‍ അറിയിക്കുന്നത്. സെക്രട്ടറിയുടെ പരിശോധനയില്‍ കൈയ്യേറ്റമെന്ന് തെളിഞ്ഞു. കെട്ടിടം പൊളിച്ചുനീക്കാന്‍ പ‍ഞ്ചായത്ത് മൂന്ന് തവണ നോട്ടീസ് നല്‍കി. പിഴവുണ്ടായെന്ന് കാട്ടി ഉടമ രേഖാമൂലം നല്‍കിയ മറുപടിക്ക് പിന്നാലെ നടപടി വേഗത്തിലാക്കാന്‍ ശ്രമിച്ചു. പൊളിച്ചുനീക്കാന്‍ നല്‍കിയ സാവകാശത്തിനിടെ കെട്ടിട ഉടമ ട്രൈബ്യൂണലിനെ സമീപിച്ചതാണ് പ്രതിസന്ധിയായത്. 

പഞ്ചായത്ത് സെക്രട്ടറിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് നിയമനടപടിക്ക് ശ്രമിച്ചതെന്ന ഉടമയുടെ വാദം െസക്രട്ടറി നിഷേധിച്ചു. എത്രയും വേഗം കെട്ടിടം പൊളിച്ചുനീക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. 

കൈയ്യേറ്റമൊഴിപ്പിക്കല്‍ നടപടി വൈകിയാല്‍ പ്രത്യക്ഷ സമരം തുടങ്ങുന്നതിനാണ് നാട്ടുകാരുടെ തീരുമാനം. കക്ഷിവ്യത്യാസമില്ലാതെ ജനകീയസമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്.

MORE IN NORTH
SHOW MORE