വലിയങ്ങാടിയില്‍ റോഡിന് മേല്‍ക്കൂര നിര്‍മിക്കാനുള്ള ആവശ്യം ഫലംകാണുന്നു

kozhikode-valiyangadi-road
SHARE

കോഴിക്കോട് വലിയങ്ങാടിയില്‍ റോഡിന് മേല്‍ക്കൂര നിര്‍മിക്കാനുള്ള ചുമട്ടുതൊഴിലാളികളുടെ ആവശ്യം ഫലംകാണുന്നു. നഗരസഭയുടെ വാര്‍ഷിക ബജറ്റില്‍ ഇരുപത് ലക്ഷം രൂപയാണ് വകയിരുത്തിയത്. ഒന്നരക്കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. 

പൈതൃക വാണിജ്യ പദ്ധതിയിലുള്‍പ്പെടുത്തിയാണ് വലിയങ്ങാടിയുടെ മുഖംമിനുക്കല്‍. വാര്‍ഷിക ബജറ്റിലുള്‍പ്പെടുത്തിയ ഇരുപത് ലക്ഷത്തിനുപുറമെ അന്‍പതുലക്ഷം രൂപ കൂടി കോര്‍പ്പറേഷന്‍ അധികമായി നല്‍കും. ബാക്കി തുക വലിയങ്ങാടിയിലെ കടയുടമകളും ചുമട്ടുതൊഴിലാളികളും ചേര്‍ന്നു സമാഹരിക്കും.  റോഡിനുമീതെ താല്‍ക്കാലിക സംവിധാനത്തിന്റെ ഭാഗമായി വലിയ മേല്‍പ്പായ കെട്ടിയാണ് ചുമട്ടുതൊഴിലാളികള്‍ പണിയെടുക്കുന്നത്. കടുത്ത ചൂടില്‍ തൊഴിലാളികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നത് പതിവാകുന്നുണ്ട്.

നിരവധി തവണ നിവേദനങ്ങള്‍ നല്‍കിയതിനെത്തുടര്‍ന്നാണ് നഗരസഭയുടെ ഇടപെടല്‍. എണ്ണൂറുമീറ്റര്‍ നീളത്തില്‍ സ്ഥിരമായി ഒരു കോണ്‍ക്രീറ്റ് മേല്‍ക്കൂരയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്. തൊഴിലാളികളുടെയും കടയുടമകളുടെയും നേതൃത്വത്തില്‍ യോഗംചേര്‍ന്ന് ഷെല്‍റ്ററിന്റെ രൂപകല്‍പന ചര്‍ച്ച ചെയ്യും. രണ്ടുമാസംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് തീരുമാനം. 

MORE IN NORTH
SHOW MORE