കടുവയെ കുടുക്കാൻ ക്യാമറ

peruvannamuzhi-tiger
SHARE

കോഴിക്കോട് പെരുവണ്ണാമൂഴിയില്‍ നാട്ടിലിറങ്ങിയ കടുവയെ പിടികൂടാന്‍ വനംവകുപ്പ് ക്യാമറ സ്ഥാപിച്ചു. ആദ്യഘട്ടത്തില്‍ നാട്ടുകാര്‍ കടുവയെക്കണ്ടതായിപ്പറഞ്ഞ നാലിടങ്ങളിലാണ് ക്യാമറയുടെ നിരീക്ഷണമൊരുക്കിയത്. കടുവയെ പിടികൂടി കാട്ടിലേക്ക് വിടും വരെ പ്രതിഷേധം തുടരുന്നതിനാണ് നാട്ടുകാരുടെ തീരുമാനം.  

പത്ത് ദിവസം മുന്‍പാണ് ചെമ്പനോടയില്‍ ആദ്യം കടുവയെക്കണ്ടത്. മൂന്ന് ദിവസത്തിന് ശേഷം മരുതോങ്കര വണ്ണാത്തിച്ചിറയില്‍ കടുവയിറങ്ങി. പിന്നാലെ പെരുവണ്ണാമൂഴി റിസര്‍വോയര്‍ പരിസരത്തും സമീപത്തെ ജനവാസമേഖലയിലും കടുവയെക്കണ്ടു. റിസര്‍വോയറിനോട് ചേര്‍ന്നുള്ള ഭാഗത്ത് കാല്‍പ്പാടുകള്‍ പതിവായി കാണുന്നത് വനത്തില്‍ നിന്ന് കടുവ നാട്ടിലേക്കിറങ്ങുന്നതിന്റെ തെളിവാണ്. ഡാം പരിസരത്തും വനാതിര്‍ത്തിയിലുമായി നാലിടങ്ങളിലാണ് ക്യാമറ സ്ഥാപിച്ചിട്ടുള്ളത്. കടുവ കാടുകയറിയെന്ന് ആവര്‍ത്തിക്കുന്ന വനംവകുപ്പ് ജനങ്ങളുടെ ആശങ്ക നീക്കുന്നതിനുള്ള ഉപായമായാണ് ക്യാമറയെക്കാണുന്നത്. പിടികൂടി കാട്ടിലയ്ക്കുന്നതല്ലാതെ മറ്റൊന്നും ഫലപ്രദമല്ലെന്നാണ് നാട്ടുകാരുടെ നിലപാട്. 

നിരീക്ഷണ ക്യാമറയുടെ സഹായത്തോടെ കടുവയുടെ സാന്നിധ്യം തിരിച്ചറിയുകയാണ് പ്രധാനം. കാടുകയറിയില്ലെന്ന് ബോധ്യപ്പെട്ടാല്‍ കൂട് സ്ഥാപിച്ച് പിടികൂടാനാണ് തീരുമാനം. വനംവകുപ്പിന്റെ രാത്രികാല പരിശോധനയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൂട്ടിയിട്ടുണ്ട്. 

MORE IN NORTH
SHOW MORE