ബസുകള്‍ കല്ലെറിഞ്ഞു തകര്‍ത്തു; പൊലീസിനെ ആക്രമിച്ചു; മലബാറിൽ ഹർത്താൽ പൂർണം

harthal-malabar
SHARE

ശബരിമല കര്‍മ്മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ മലബാറിലും പൂര്‍ണം. മലപ്പുറം താനൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പൊലീസിനെ ആക്രമിച്ചു. രണ്ടുപേര്‍ക്ക് പരുക്കേറ്റു.എടക്കരയിലും കോഴിക്കോട് കുന്ദമംഗലത്തും കെ.എസ്.ആര്‍.ടി.സി ബസുകള്‍ കല്ലെറിഞ്ഞുതകര്‍ത്തു.

അര്‍ദ്ധ രാത്രിയാണ് കുന്ദമംഗലത്ത് ഇരുചക്രവാഹനത്തിലെത്തിയവര്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടത്.  ബിയര്‍ കുപ്പികളടക്കമുള്ള ഉപയോഗിച്ചായിരുന്നു ആക്രമണം. ബംഗളുരു സര്‍വീസ് നടത്തുന്ന  വോള്‍വോ ബസുകളടക്കമുള്ള നാലു ബസുകളുടെ ചില്ലുകള്‍ തകര്‍ന്നു.മുക്കത്തും കുണ്ടായിത്തോടും മലപ്പുറം എടക്കരയിലും സമാനരീതില്‍ കല്ലേറുണ്ടായി.സ്വകാര്യ വാഹനങ്ങള്‍ വരെ തടഞ്ഞതോടെ ട്രെയ്നുകളിലും ദീര്‍ഘദൂര ബസുകളിലും വന്നിറങ്ങിയവര്‍ തുടര്‍യാത്രയ്ക്ക് വഴിയില്ലാതെ വലഞ്ഞു. ബംഗളുരുവില്‍  നിന്നും കോഴിക്കോട്ടെത്തിയ പൂര്‍ണ ഗര്‍ഭിണിയായ  നടുവട്ടം സ്വദേശി വാഹനം കിട്ടാതെ ഏറെനേരം കുടുങ്ങി. ബി.ജെ.പി ശക്തി കേന്ദ്രങ്ങളിലൂടെ കടന്നുപോകേണ്ടതിനാല്‍ റയില്‍വേ സ്റ്റേഷനിലെ ഓട്ടോറിക്ഷകള്‍ പോലും ഓട്ടം പോകാന്‍ മടിക്കുകയായിരുന്നു.

വാഹനങ്ങള്‍ തടഞ്ഞവരെ പിരിച്ചുവിടാനെത്തിയ പൊലീസിന് നേരെ താനൂര്‍ ശോഭാപറമ്പിലാണ് അക്രമമുണ്ടായത്. രൂക്ഷമായ കല്ലേറില്‍ താനൂര്‍ സ്റ്റേഷനിലെ  ഷൈജു, റാഷിദ് എന്നിവരെ  തിരൂര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  എടപ്പാള്‍ മിനി പമ്പയ്ക്ക് സമീപം ദേശീയപാതയില്‍ വാഹനങ്ങള്‍ തടഞ്ഞു. വയനാട്, കണ്ണൂര്‍ മലപ്പുറം ജില്ലകളില്‍ ഹര്‍ത്താല്‍ പൂര്‍ണമാണ്. കാസര്‍കോടും പാലക്കാടും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ സംസ്ഥാന അതിര്‍ത്തിയിലെ ചെക്ക് പോസ്റ്റുകളില്‍ കുടുങ്ങികിടക്കുകയാണ്.

MORE IN NORTH
SHOW MORE