അടിസ്ഥാന സകൗര്യങ്ങളില്ല; വയലട ടൂറിസം പദ്ധതി പ്രദേശം അവഗണനയിൽ

vayalada-tourism
SHARE

മലബാറിലെ ഗവിയെന്ന് വിശേഷണമുള്ള കോഴിക്കോട് വയലട ടൂറിസം പദ്ധതി പ്രദേശം അവഗണനയില്‍. സഞ്ചാരികള്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടു. വനത്തിനോട് ചേര്‍ന്നുള്ള ഭൂമിയിലും പാറയിലും പൂര്‍ണമായും പ്ലാസ്റ്റിക് നിറഞ്ഞിരിക്കുകയാണ്.  

മഞ്ഞുമൂടിയ അന്തരീക്ഷം. ഇടതൂര്‍ന്ന് പുല്ല് വളര്‍ന്ന കുന്നുകള്‍. ഒറ്റയടിപ്പാത കടന്നെത്തിയാല്‍ നല്ല കാറ്റേറ്റ് ഏറെ സമയം ചെലവഴിക്കാം. അകലെയുള്ള ഡാമിന്റെ ഭംഗിയും ഇടതൂര്‍ന്ന പച്ചപ്പും ആസ്വദിക്കാം. വയലടയെന്ന പ്രദേശത്തിന് വിശേഷണങ്ങള്‍ ഏറെയാണ്. എന്നാല്‍ ഈ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ വിനോദസഞ്ചാര വകുപ്പിനായിട്ടില്ല. ഉദ്ഘാടനം കഴിഞ്ഞ് മന്ത്രിയും പരിവാരങ്ങളും മടങ്ങിയതിന് പിന്നാലെ കാര്യങ്ങള്‍ പഴയ മട്ടായി. പാറയുടെ മുകളില്‍ പ്ലാസ്റ്റിക് മാത്രം. മുന്നറിയിപ്പ് ബോര്‍ഡുകളോ സഞ്ചാരികള്‍ക്ക് നിര്‍ദേശം നല്‍കുന്നതിനുള്ള ഗൈഡുകളോയില്ല. ആര്‍ക്കും എങ്ങനെയും വരാം. പരിശോധനയില്ലാതെ എത്രസമയം ചെലവഴിച്ചും മടങ്ങാം. വനാതിര്‍ത്തിയിലായതിനാല്‍ സഞ്ചാരികള്‍ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് കടുത്ത ഭീഷണിയാണ്. പാറയുടെ മുകളിലും സമീപത്തും ദിവസങ്ങള്‍ക്ക് മുന്‍പ് സന്നദ്ധപ്രവര്‍ത്തകര്‍ ശേഖരിച്ച കവറുകള്‍ ഇപ്പോഴും നീക്കാനായില്ല.  

വയലടയുടെ പ്രവേശന കവാടം വരെയുള്ള റോഡ് നിലവാരമുള്ളതാക്കണം. പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യം വേണം. അത്യാവശ്യഘട്ടങ്ങളില്‍ സഞ്ചാരികള്‍ക്ക് നിര്‍ദേശം നല്‍കാന്‍ അംഗീകൃത ജീവനക്കാരുണ്ടാകണം. സഞ്ചാരികളുടെ ന്യായമായ ആവശ്യങ്ങള്‍ നടപ്പാക്കിയാല്‍ വയലടയിലേക്കുള്ള വഴിതേടി ഇനിയും ആയിരങ്ങളെത്തും.  

MORE IN NORTH
SHOW MORE