ബത്തേരി നഗരസഭാ ഡിവിഷന്‍ തിരഞ്ഞെടുപ്പ് യു.ഡി.എഫിനും എല്‍.ഡി.എഫിനും നിര്‍ണായകം

batheri-muncipality
SHARE

സി.പി.എം പിന്തുണയോടെ കേരള കോണ്‍ഗ്രസ് മാണി വിഭാഗം പ്രതിനിധി ഭരിക്കുന്ന വയനാട്ടിലെ ബത്തേരി നഗരസഭയില്‍ ഭരണമാറ്റത്തിന് തന്നെ കാരണമായേക്കാവുന്ന ഉപതിരഞ്ഞെടുപ്പാണ് ഇന്നത്തേത്.  സി.പി.എം അംഗം മരിച്ചതിനെത്തുടര്‍ന്നാണ് നഗരസഭ മുപ്പത്തിമൂന്നാം ഡിവിഷനില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാനത്ത് മാണി വിഭാഗം യു.ഡി.എഫ് പാളയത്തിലെത്തിയെങ്കിലും വയനാട്ടില്‍ എല്‍ഡിഎഫിനൊപ്പമാണെന്ന തിരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ജില്ലാ ഘടകം.

മുപ്പത്തിയഞ്ച് ഡിവിഷനുകളാണ് ബത്തേരി നഗരസഭയില്‍. പതിനേഴ് സീറ്റുകള്‍ സിപിഎമ്മിനും പതിനാറ് അംഗങ്ങള്‍ യുഡിഎഫിനും കേരള കോണ്‍ഗ്രസിനും ബിജെപിക്കും ഒരോ അംഗങ്ങളുമെന്നതായിരുന്നു കക്ഷിനില. കേരള കോണ്‍ഗ്രസിന്റെ ഒരേയൊരംഗത്തിന്റെ പിന്തുണയോടെയാണ് ആദ്യ രണ്ട് വര്‍ഷം സിപിഎം ഭരിച്ചത്.  മുന്‍ ധാരണപ്രകാരം ചെയര്‍മാന്‍ സ്ഥാനം  കേരള കോണ്‍ഗ്രസ് പ്രതിനിധി ടി.എല്‍ സാബുവിന്    ഇടതുമുന്നണി പിന്നീട്  കൈമാറി. മുപ്പത്തി മൂന്നാം ഡിവിഷനിലെ സിപിഎം പ്രതിനിധി മരിച്ചതിനെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

കഴിഞ്ഞ വട്ടം നാല്‍പത് വോട്ടിനാണ് എല്‍ഡിഎഫ് ഇവിടെ ജയിച്ചത്. ഈ സീറ്റ് നഷ്ടമായാല്‍ ഭരണം പരുങ്ങലിലാകും. സിപിഎമ്മിന്റെ അംഗം സര്‍ക്കാര്‍ ജോലി ലഭിച്ചതിനെത്തുര്‍ന്ന് രാജിവെച്ചത് കാരണം മറ്റൊരു വാര്‍ഡിലും ഉപതിരഞ്ഞെടുപ്പ് വരാനിരിക്കുന്നുണ്ട്. സിപിഎമ്മിനൊപ്പം ഉറച്ച് നില്‍ക്കാനുള്ള തീരുമാനത്തില്‍ ഒരു മാറ്റവുമില്ലെന്നാണ് കേരള കോണ്‍ഗ്രസ് നിലപാട്. ജില്ലയില്‍ കോണ്‍ഗ്രസ് അവഗണന തുടരുകയാണെന്നും നിലപാട് മാറ്റാന്‍ സംസ്ഥാനനേതൃത്വം ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് വാദം. 

MORE IN NORTH
SHOW MORE