കുടിവെള്ള പദ്ധതിക്ക് തുരങ്കം വച്ച് ജലനിധി; അഞ്ചുവര്‍ഷം പിന്നിട്ടിട്ടും കമ്മീഷന്‍ ചെയ്തില്ല

balal-jalanidhi
SHARE

പട്ടികവര്‍ഗ കോളനിയിലേയ്ക്കുള്ള കുടിവെള്ള പദ്ധതിക്ക് തുരങ്കം വച്ച് ജലനിധി. കാസര്‍കോട് ബളാല്‍ പഞ്ചായത്തിലെ കുഴിങ്ങാട് കോളനിയിലെ പദ്ധതിയാണ് ജലനിധിയുടെ അനാസ്ഥയെത്തുടര്‍ന്ന് പൂര്‍ത്തിയാകാത്തത്. പദ്ധതി ആരംഭിച്ച് അഞ്ചുവര്‍ഷം പിന്നിട്ടിട്ടും കമ്മീഷന്‍ ചെയ്തില്ല.    

പെരുമഴയ്ക്കിടെയാണ് കുഴിങ്ങാട് പട്ടികവര്‍ഗ കോളനിയില്‍ ഞങ്ങളെത്തിയത്. വഴികാട്ടെനെത്തിയ മാണിക്യന്‍ താമസക്കാരുടെ ദുരിതം വിവരിച്ചു.  

അന്‍പതോളം കുടുബങ്ങളുണ്ട് ഇവിടെ. കുടിവെള്ളക്ഷാമം രൂക്ഷമായതോടെ 2013ല്‍ ജലനിധിയുടെ നേതൃത്വത്തില്‍ കുടിവെള്ള പദ്ധതി നടപ്പാക്കാന്‍  തിരുമാനിച്ചു. പദ്ധതിക്ക് വെള്ളമെടുക്കാന്‍ സ്വന്തം പറമ്പിലെ കുളം തന്നെ മാണിക്യന്‍ വിട്ടുനല്‍കി. കുളത്തിന്റെ ആഴം കൂട്ടി, മലമുകളില്‍ ടാങ്കും നിര്‍മ്മിച്ചു, വീടുകളില്‍ വെള്ളമെത്തിക്കാനുള്ള സൗകര്യങ്ങളും ഒരുക്കി. കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ടു നടന്നത് ഇത്രമാത്രം. കോളനി നിവാസികള്‍ മഴക്കാലം ആശ്വാസമാണ്. 

കോളനിയിലെ വീടുകളിലേയ്ക്ക് വെള്ളമെത്തിക്കാനായി പൈപ്പിട്ടിരുന്നെങ്കിലും ഉപഭോക്തൃവിഹിതം അടക്കാത്തവരുടെ കണക്ഷന്‍ വിഛേദിച്ചു. ആറുമാസത്തിനകം പദ്ധതി പൂര്‍ത്തിയാക്കാന്‍ ജില്ലാ കലക്ടര്‍ ജലനിധി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി വര്‍ഷം ഒന്നാകാറായിട്ടും കാര്യങ്ങള്‍ക്ക് ഒരു പുരോഗതിഗതിയുമില്ല. വിവിധ കാരണങ്ങള്‍ പറഞ്ഞ് പദ്ധതി നീട്ടിക്കൊണ്ടുപോകുമ്പോള്‍ പഞ്ചായത്തും നിസഹായ അവസ്ഥയിലാണ്. 

പെരുമഴക്കാലം ചിലര്‍ക്ക് ആശങ്കയുടെ നാളുകളാണ്. എന്നാല്‍ കുഴിങ്ങാട്ടുകാര്‍ക്കിത് ആശ്വാസത്തിന്റെ ദിനങ്ങളും. ജലനിധി കനിഞ്ഞില്ലെങ്കില്‍ വേനലെത്തിയാല്‍ ഇവര്‍ കുടിവെള്ളത്തിനായി വീണ്ടും കിലോമീറ്ററുകള്‍ താേണ്ടണ്ടിവരും.

MORE IN NORTH
SHOW MORE