ശില്‍പ വിദ്യയുടെ പ്രൗഢിയോതി വയനാട്ടിലെ കല്ലമ്പലങ്ങൾ

temple
SHARE

പൗരാണിക ഭാരതത്തിന്റെ ശില്‍പ വിദ്യയുടെ പ്രൗഢിയാണ് വയനാട് പനമരത്തെ കല്ലമ്പലങ്ങള്‍. നൂറ്റാണ്ടുകള്‍ പഴക്കമുണ്ടായിട്ടും കല്ലില്‍തീര്‍ത്ത ശില്‍പഭംഗിക്കും എഴുത്തുകള്‍ക്കും വലിയ കോട്ടങ്ങളൊന്നും തട്ടിയിട്ടില്ല. ദേശീയ പുരാവസ്തു വകുപ്പ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏറ്റെടുത്തെങ്കിലും കല്ലമ്പലങ്ങളുടെ സംരക്ഷണത്തിന് കൂടുതല്‍ ശ്രദ്ധവേണമെന്നാണ് ആവശ്യം. 

പനമരം പഞ്ചായത്തിലെ പുഞ്ചവയല്‍ എന്ന സ്ഥലത്താണ് കല്ലമ്പലങ്ങള്‍ എന്നറിയപ്പെടുന്ന ജൈനക്ഷേത്രങ്ങള്‍ സ്ഥിതിചെയ്യുന്നത്.

ചരിത്രാന്വേഷികളും സഞ്ചാരികളും കാണേണ്ട സ്ഥലങ്ങളിലൊന്നാണിത്.കൃഷ്ണഗുഡി, ജനാര്‍ദന ഗുഡി എന്ന പേരിലുള്ള രണ്ട് നിര്‍മ്മിതികളാണ് ഇവിടെയുള്ളത്. പോയകാലത്തെ അടയാളങ്ങള്‍ പേറുന്ന ശിലാക്ഷേത്രങ്ങള്‍ തമ്മില്‍ 700 മീറ്റര്‍ ദൂരമാണുള്ളത്.

പൂര്‍ണമായും കരിങ്കല്ലുകൊണ്ടാണ് നിര്‍മ്മാണം. ശിലാപാളികളില്‍ മൂന്നൂറോളം കലാനിര്‍മ്മിതികളും എഴുത്തുമുണ്ട്.

വേണ്ടത്ര സംരക്ഷണം ലഭിക്കാത്തതിനാല്‍ തകര്‍ന്നു വീണിട്ടും ഇതിന്റെ ശില്‍പചാരുതയ്ക്ക് യാതൊരു കോട്ടും തട്ടിയിട്ടില്ല.

ജൈനരുടെയും വൈഷ്ണവരുടെയും ദേവതകളുടെയും ചിത്രങ്ങള്‍ ഒരമ്പലത്തില്‍ത്തന്നെ കൊത്തിയിരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. 

പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഹൊയ്സാല രാജാവിന്റെ കാലത്ത് നിര്‍മ്മിക്കപ്പെട്ടു എന്നാണ് ചരിത്രം പറയുന്നത്. പോയകാലത്ത് മുത്തും പവിഴങ്ങളും കച്ചവടത്തിനായി വന്ന വ്യാപാരികള്‍ കരിങ്കല്‍ ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചു എന്നതുള്‍പ്പെടെ മറ്റ് ചില അഭിപ്രായങ്ങളുമുണ്ട്. 

രണ്ട് ക്ഷേത്രങ്ങളും ദേശീയസ്മാരകങ്ങളാക്കുമെന്ന് 2009 ല്‍ പ്രഖ്യാപിക്കപ്പെട്ടിരുന്നു. നിലവില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഒാഫ് ഇന്ത്യുടെ കീഴിലാണിത്.സംരക്ഷിച്ച് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കാനും പുരാവസ്തുവകുപ്പിന് പദ്ധതികളുണ്ടായിരുന്നു.

ജനാര്‍ദന ഗുഡിയുടെ ഗോപുര ഭാഗങ്ങള്‍ തകര്‍ന്നിട്ടുണ്ട്. നിധിവേട്ടക്കാരുടെ പ്രവര്‍ത്തനങ്ങളും നാശത്തിന് കാണമായി. 

MORE IN NORTH
SHOW MORE