കെ.എസ്.ആര്‍.ടി.സി സർവീസുകൾ റദ്ദാക്കുന്നുവെന്ന് ആരോപണം

KSRTC
SHARE

വയനാട് പുല്‍പ്പള്ളിയില്‍ സ്വകാര്യ സര്‍വീസുകളെ സഹായിക്കാന്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ റദ്ദാക്കുന്നു എന്ന് ആരോപണം. പെരിക്കല്ലൂരില്‍ കെ.എസ്.ആര്‍.ടി.സി സബ് ഡിപ്പോ അനുവദിക്കാനുള്ള നടപടികള്‍ ഇഴയുന്നത് ഇതിന്റെ ഭാഗമാണെന്നും ആക്ഷേപമുണ്ട്. രണ്ടേക്കര്‍ സ്ഥലം നേരത്തെ ഡിപ്പോയ്ക്കുവേണ്ടി ലഭ്യമാക്കിയിരുന്നു.

രണ്ട് വര്‍ഷം മുമ്പാണ് പെരിക്കല്ലൂരില്‍ കെഎസ്ആര്‍ടിസി ബസ് ഒാപ്പറേറ്റിംഗ് സെന്ററിനായി രണ്ടേക്കര്‍ സ്ഥലം ലഭ്യമാക്കിയത്.ഇതില്‍ ഒരേക്കര്‍ സ്ഥലം പെരിക്കല്ലൂര്‍ സെന്റ് ഫെറോന ചര്‍ച്ച് നല്‍കി. ഒരേക്കര്‍ പുല്‍പ്പള്ളി പഞ്ചായത്തും വിട്ട് നല്‍കി.

എന്നാല്‍ പിന്നീട് തുടര്‍ നടപടികളൊന്നും ഉണ്ടായില്ല. പെരിക്കല്ലൂരില്‍ നിന്നും പതിനേഴ് ദീര്‍ഘദൂര സര്‍വീസുകളുണ്ട്. പാര്‍ക്കിങിന് സ്ഥലം ഇല്ലാത്തതിനാല്‍ ഇപ്പോള്‍ റോഡില്‍ നിര്‍ത്തിയിടുകയാണ് ബസുകള്‍. ഇതോടൊപ്പം ലാഭകരമായ ബസുകള്‍ വെട്ടിക്കുറയ്ക്കാനുള്ള നീക്കം നടത്തുന്നു എന്നും ആക്ഷേപമുണ്ട്. നല്ല കലക്ഷനുണ്ടായിരുന്ന പെരിക്കല്ലൂര്‍–അടൂര്‍ സര്‍വീസ് കഴിഞ്ഞ മാസം നിര്‍ത്താലാക്കിയിരുന്നു.

ഇതൊക്കെ സ്വകാര്യ ബസ് ലോബികളെ സഹായിക്കാനാണെന്നാണ് നാട്ടുകാരുടെ ആരോപണം. പുല്‍പ്പള്ളി മേഖലയില്‍ നിന്നും രാത്രി ജില്ലയ്ക്ക് പുറത്തേക്കുള്ള അവസാന സര്‍വീസായിരുന്നു പെരിക്കല്ലൂര്‍–അടൂര്‍ സര്‍വീസ്. നിര്‍ത്താലാക്കിയ സര്‍വീസ് പുനസ്ഥാപിക്കുമെന്ന ഉറപ്പും പാലിക്കപ്പെട്ടിട്ടില്ല.  പുല്‍പ്പള്ളി പെരിക്കല്ലൂര്‍ കേന്ദ്രീകരിച്ച് നിരവധി സ്വകാര്യ കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്. 

MORE IN NORTH
SHOW MORE