കേന്ദ്രസർവകലാശാലയിൽ കൂടുതൽ അധ്യാപകർക്കും വിദ്യാർഥികൾക്കുമെതിരെ നടപടി

kasaragod-university2
SHARE

കാസർകോട് കേന്ദ്ര സർവകലാശാലയിൽ കൂടുതൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമെതിരെ അച്ചടക്ക നടപടിക്ക് നീക്കം. ഇന്റർനാഷണൽ റിലേഷൻസ് വിഭാഗത്തിലെ അധ്യാപകനായ ഗിൽബർട്ട് സെബാസ്റ്റ്യൻ കേന്ദ്ര സർക്കാരിനെതിരെ സമരം ചെയ്തെന്നാണ് ആരോപണം‌. സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമായി അധ്യാപകൻ പ്രവർത്തിച്ചെന്ന ആരോപണം അച്ചടക്ക സമിതി അന്വേഷിക്കും‌ം.

കഴിഞ്ഞ ഏപ്രിലിൽ മഹാരാഷ്ട്രയിൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ നാൽപത് മാവോയിസ്റ്റുകൾ  കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ജനകീയ മനുഷ്യാവകാശ സംഘടനയുടെ നേതൃത്വത്തിൽ നടത്തിയ രാജ്ഭവൻ മാർച്ചിൽ പങ്കെടുത്തതിനാണ് അധ്യാപകനെതിരെ നടപടിക്ക് അധികൃതർ തയ്യാറെടുക്കുന്നത്. സമരത്തിൽ പങ്കെടുത്തതിന് പുറമേ മാവോയിസ്റ്റ് വേട്ട സംബന്ധിച്ച് ഫേയ്സ്ബുക്കിൽ കുറിപ്പിടുകയും ചെയ്തിരുന്നു. ഇതെല്ലാം സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നാണ് വിലയിരുത്തൽ. 

വിദേശത്തുള്ള വൈസ് ചാൻസിലർ ജി.ഗോപകുമാർ തിരിച്ചെത്തിയാൽ‌ അച്ചടക്ക സമിതിയുടെ അന്വേഷണം സംബന്ധിച്ച് ഉത്തരവിറങ്ങും. സംസ്ഥാനത്തെ കേന്ദ്രസർവകലാശലായിലെ അധ്യാപക സംഘടനയുടെ ജനറൽ സെക്രട്ടറി കൂടിയാണ് ഗിൽബർട്ട് സെബാസ്റ്റ്യൻ. അതേസമയം സർവകലാശാല ആസ്ഥാനത്തേയ്ക്ക് കഴിഞ്ഞ ദിവസം എസ്.എഫ്.ഐ നടത്തിയ മാർച്ചിൽ പങ്കെടുത്ത നാലു വിദ്യാർഥികൾക്കെതിരെ അധികൃതർ പൊലീസിൽ പരാതി നൽകി. ഇവർക്കെതിരെയും അച്ചടക്ക നടപടിയുണ്ടാകും.

ലോകസഭ തിരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാരിനെ ഉന്നംവച്ചുള്ള നീക്കമാണ് സർവകലാശാലയിൽ ഇപ്പോൾ നടക്കുന്നതെന്നാണ് ബന്ധപ്പെട്ടവരുടെ നിലപാട്. അതേസമയം പ്രശ്നപരിഹാരത്തിന് വിദ്യാർഥികളുമായി ചർച്ച നടത്തുന്ന കാര്യത്തിലും അന്തിമ തീരുമാനമായില്ല.

MORE IN NORTH
SHOW MORE