ക്ഷേമപെന്‍ഷനുമായി ബന്ധപ്പെട്ട പരാതിക്കായി കോഴിക്കോട് പ്രത്യേക അദാലത്ത്

calicut-coorperation-t
SHARE

കോഴിക്കോട് കോര്‍പ്പറേഷനില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ക്ഷേമപെന്‍ഷന്‍ നഷ്ടമായെന്ന ആക്ഷേപം പരിശോധിക്കാന്‍ പ്രത്യേക അദാലത്ത് സംഘടിപ്പിക്കും. പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരുന്ന മൂവായിരത്തി അഞ്ഞൂറിലധികമാളുകള്‍ക്ക് ക്ഷേമപെന്‍ഷന്‍ മുടങ്ങിയെന്നാണ് പരാതി.  

അര്‍ഹരായ പലരും പട്ടികയില്‍ നിന്ന് അപ്രത്യക്ഷരായി. നഗരസഭ പരിധിയില്‍ മാത്രം മൂവായിരത്തി അ‍ഞ്ഞൂറിലധികമാളുകള്‍ക്ക് കിട്ടിയിരുന്ന പെന്‍ഷന്‍ മുടങ്ങി. എണ്ണായിരത്തി മൂന്നൂറ്റി രണ്ടാളുകള്‍ പെന്‍ഷന് അപേക്ഷ നല്‍കാനുള്ള കാത്തിരിപ്പിലാണ്. പ്രതിസന്ധി മറികടക്കുന്നതിനാണ് പ്രത്യേക അദാലത്ത് സംഘടിപ്പിക്കുന്നത്. പരാതിക്കാരെയും പരിഹരിക്കാനുള്ള ഉദ്യോഗസ്ഥരെയും ഒരു കുടക്കീഴിലെത്തിക്കും. നിലവില്‍ പെന്‍ഷന്‍ വാങ്ങുന്നവരില്‍ അനര്‍ഹരുണ്ടോ എന്നും വിലയിരുത്തും. സമയബന്ധിതമായി വിവരശേഖരണം പൂര്‍ത്തിയാക്കി പുതുക്കിയ പട്ടിക പഞ്ചായത്ത് ഡയറക്ടര്‍ക്ക് കൈമാറും. ഉദ്യോഗസ്ഥരുടെ ശ്രദ്ധക്കുറവിനൊപ്പം സര്‍ക്കാര്‍തലത്തിലുള്ള സംവിധാനങ്ങളുടെ മെല്ലെപ്പോക്കും പ്രതിസന്ധിയായെന്നാണ് വിലയിരുത്തല്‍. 

അര്‍ഹതയുള്ളവരില്‍ പലരും അനര്‍ഹരുടെ പട്ടികയില്‍പ്പെട്ടത് ഉദ്യോഗസ്ഥരുടെ ശ്രദ്ധക്കുറവുകൊണ്ടെന്ന് മേയര്‍ കുറ്റപ്പെടുത്തിയിരുന്നു. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനത്തിലെ പിഴവാണ് പ്രധാന പ്രതിസന്ധിയെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.  വിവരങ്ങള്‍ കൃത്യമായി ഉള്‍പ്പെടുത്താനുള്ള സാവകാശം കിട്ടുന്നില്ല. മറ്റ് വകുപ്പുകളില്‍ നിന്ന് പരിശോധന സര്‍ട്ടിഫിക്കറ്റ് കിട്ടുന്നതിലെ കാലതാമസവും പ്രതിസന്ധിയാണ്. അദാലത്തിലൂടെ നിലവിലെ പ്രതിസന്ധിയുടെ ആദ്യഘട്ടമെങ്കിലും ഒഴിവാക്കാനാണ് നഗരസഭ അധികൃതരുടെ ശ്രമം. 

MORE IN NORTH
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.