കോഴിക്കോട് മലയോരമേഖലയില്‍ കനത്ത നാശനഷ്ടം

rain-crisis-t
SHARE

കോഴിക്കോട് ജില്ലയുടെ മലയോരമേഖലയില്‍ ഉരുള്‍പൊട്ടലിലും മലവെള്ളപാച്ചിലിലും ഒരു മരണമുള്‍പ്പെടെ കനത്ത നാശനഷ്ടം. താമരശ്ശേരി മട്ടിക്കുന്ന് മലയിലും തിരുവമ്പാടി മുത്തപ്പന്‍ പുഴയിലും കുറ്റ്യാടി പശുക്കടവിലും ഉണ്ടായ ഉരുള്‍പൊട്ടലില്‍ പ്രദേശമാകെ വെള്ളത്തിലായി.  

കരിഞ്ചോലയ്ക്ക് ശേഷം കോഴിക്കോടിന്റെ മലമടക്കുകളില്‍ വീണ്ടും ഉരുള്‍പൊട്ടി. വീടുകളും കൃഷിയിടങ്ങളും അപ്പാടെ ഒഴുകിപ്പോയി,മലവെള്ളത്തിന്റെ ആക്രമണം മുന്‍കൂട്ടി കണ്ട്  രാത്രി ഉറക്കമൊഴിച്ച് നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഫലംകണ്ടു. മലവെള്ളപാച്ചിലില്‍ വീടുകളും റോഡുകളും പാടങ്ങളും കൃഷിയിടങ്ങളും കുത്തിയൊലിച്ചപ്പോഴും ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനായി.താമരശ്ശേരി ചുരത്തിന് കീഴെ മട്ടിക്കുന്ന് മലയില്‍ ഇരുപത് വര്‍ഷത്തിനിപ്പുറമാണ് ഉരുള്‍പൊട്ടുന്നത്,മലയില്‍ നിന്നൊഴുകുന്ന പുഴ ഗതിമാറിയൊഴുകിയതോടെ പുഴയോരത്തെ വീടുകള്‍ മലവെള്ളപാച്ചിലില്‍ പെട്ടു.

ഇതിനിടെ   കാറില്‍ പുറത്തേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്ന രജിത്ത് ലാലിനെ രാത്രി മലവെള്ളപാച്ചിലില്‍പ്പെട്ട് കാണാതായി,മട്ടിക്കുന്ന് മലയുടെ താഴെ വെച്ചാണ് രജിത്തിന്റെ മൃതദേഹം കണ്ടെത്തിയത്.മട്ടിക്കുന്ന് മലയിലെ നാട്ടുകാര്‍ക്കായി കണ്ണപ്പന്‍കുണ്ടില്‍ രണ്ട് പുനരധിവാസ ക്യാംപുകള്‍ തുറന്നിട്ടുണ്ട്. പത്തിലധികം വീടുകള്‍ മലവെള്ളപാച്ചിലില്‍ തകര്‍ന്നു,മിക്കാവറും വീടുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്,മുത്തപ്പന്‍പുഴയില്‍ ഉരുള്‍പൊട്ടി ആനക്കാംപൊയില്‍ കരിമ്പ പ്രദേശമാകെ ഒറ്റപ്പെട്ടു.12 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു.കുറ്റ്യാടി പശുക്കടവിലും ചുരത്തിലെ മഖാമിനടുത്തും  ഉണ്ടായ ഉരുള്‍പൊട്ടലില്‍ വ്യാപക നാശനഷ്ടമുണ്ടായി,നൂറിലധികം കുടുംബങ്ങളെ മറ്റിപാര്‍പ്പിച്ചു.ഇരവഞ്ഞിപ്പുഴയും  കുറ്റ്യാടി പുഴയും ചാലിയാറും കരകവിഞ്ഞൊഴുകുകയാണ്,പുഴകളുടെ ഇരുകരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രതനിര്‍ദേശം നല്‍കിയിട്ടുണ്ട്.കനത്ത മഴ തുടരുന്നതിനാല്‍ മലവെള്ളപാച്ചിലിന്റെ ശക്തി കുറഞ്ഞിട്ടില്ല

MORE IN NORTH
SHOW MORE