വടക്കന്‍ കേരളത്തിൽ മഴക്കെടുതി തുടരുന്നു; ഒരാളെ ഒഴുക്കില്‍പ്പെട്ട് കാണാതായി

rain-north-kerala
SHARE

കനത്തമഴയ്ക്ക്  നേരിയ ശമനമുണ്ടെങ്കിലും വടക്കന്‍ കേരളത്തിലെ പല ജില്ലകളിലും മഴക്കെടുതി തുടരുകയാണ്. കോഴിക്കോടിന്റെ മലയോരമേഖല പൂര്‍ണമായും വെള്ളത്തിലായി. പലഭാഗങ്ങളിലും മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു.  പാലക്കാട് ആലത്തൂരില്‍ ഗായത്രിപുഴയില്‍ കുളിക്കാനിറങ്ങിയ ഒരാളെ ഒഴുക്കില്‍പ്പെട്ട് കാണാതായി. 

കോഴിക്കോടിന്റെ കിഴക്കന്‍ മലയോരമേഖലയില്‍ ഇന്നലെ രാത്രിമുതല്‍ ശക്തമായ മഴയാണ് പെയ്യുന്നത്. തിരുവമ്പാടി, കൂടരഞ്ഞി, കൂരാച്ചുണ്ട് പ്രദേശങ്ങള്‍ പൂര്‍ണമായും വെള്ളത്തിലാണ്. പലയിടത്തും മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു.  കൊടിയത്തൂര്‍ പഞ്ചായത്തിലെ തോട്ടുമുക്കം കുരിശുപള്ളിയുടെ മുറ്റം മണ്ണിടിച്ചിലില്‍ തകര്‍ന്നു. ഇരുവഞ്ഞിപ്പുഴയടക്കം ചെറുപുഴകളെല്ലാം കരകവിഞ്ഞു. 

കക്കയം ഡാമില്‍ ജലനിരപ്പുയര്‍ന്നതിനാല്‍ ഷട്ടറുകള്‍ ഉയര്‍ത്തി. ഡാമില്‍ നിന്ന് പെരുവണ്ണാമൂഴി വഴി ഒഴുകുന്ന പുഴയുടെ ഇരുകരളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. വയനാട്  ബാണാസുരസാഗര്‍ ഡാമിന്റെ നാല് ഷട്ടറുകളും ഉയര്‍ത്തി. തിരുനെല്ലി പഞ്ചായത്തിലെ നെട്ടറപ്പാലം പ്രദേശം വെള്ളത്തിലാണ്. ഊട്ടി –കോഴിക്കോട് പാതയില്‍  മരംവീണ് മണിക്കൂറുകളോളമാണ് ഗതാഗതം തടസ്സപ്പെട്ടത്. കനത്തമഴയില്‍ പാലക്കാട് ജില്ലയിലെ പോത്തുണ്ടി, മംഗലം, മാമ്പുഴ അണക്കെട്ടുകള്‍ നിറഞ്ഞു. മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകള്‍ 18 സെന്റിമീറ്ററാക്കി ഉയര്‍ത്തി വെള്ളം തുറന്നുവിടുകയാണ്. അട്ടപ്പാടി മേഖലയില്‍ കനത്തമഴ തുടരുകയാണ്.  മലപ്പുറം ജില്ലയുടെ  മലയോരമേഖലകളിലും മഴ ശക്തമാണ്. 

MORE IN NORTH
SHOW MORE