സഹകരണ മേഖല മൈക്രോഫിനാൻസ് രംഗത്തേക്ക് കടക്കാൻ വൈകിയെന്ന് മന്ത്രി

Thumb Image
SHARE

സഹകരണ മേഖല മൈക്രോഫിനാൻസ് രംഗത്തേക്ക് കടക്കാൻ വൈകിയെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍. സര്‍ക്കാരിന്റെ ലഘുഗ്രാമീണ വായ്പാ പദ്ധതിയായ മുറ്റത്തെ മുല്ല സാധാരണക്കാര്‍ക്ക് നേട്ടമാകുമെന്നും മന്ത്രി പറഞ്ഞു. സഹകരണവകുപ്പ് കുടുംബശ്രീയുമായി ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി പാലക്കാട് മണ്ണാര്‍ക്കാട്ട് നിര്‍വഹിച്ചു.

12 ശതമാനം വാർഷിക പലിശ നിരക്കിൽ കുടുംബശ്രീ മുഖേന 25,000 രൂപ വരെ വായ്പ നൽകുന്ന ലഘു ഗ്രാമീണ വായ്പാ പദ്ധതിയാണ് മുറ്റത്തെ മുല്ല. ലളിതമായ നടപടിക്രമങ്ങളിലൂടെ വായ്പ ലഭിക്കും. പതിനായിരം രൂപ വായ്പ എടുക്കുന്ന ആള്‍ക്ക് 215 രൂപ വീതം 52 ആഴ്ചകൊണ്ട് തിരിച്ചടയ്ക്കാം. സാധാരണക്കാരെ കടക്കെണിയില്‍ നിന്ന് രക്ഷിക്കുകയാണ് മുറ്റത്തെ മുല്ല പദ്ധതിയുടെ ലക്ഷ്യം. മൈക്രോ ഫിനാൻസ് രംഗത്തേക്ക് സഹകരണ മേഖല കടക്കാൻ വൈകിയെന്ന് ഉദ്ഘാടന സന്ദേശമായി മന്ത്രി കടകംപളളി സുരേന്ദ്രന്‍ പറഞ്ഞു.

ആദ്യഘട്ടത്തില്‍ പാലക്കാട് ജില്ലയില്‍ നടപ്പാക്കുന്ന പദ്ധതി പിന്നീട് സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കും. ഒന്‍പതുശതമാനം പലിശനിരക്കിലാണ് കുടുംബശ്രീ യൂണിറ്റുകള്‍ക്ക് സഹകരണബാങ്ക് വായ്പ നല്‍കുന്നത്. മണ്ണാര്‍ക്കാട് റൂറല്‍ ബാങ്കിന്റെ നേതൃത്വത്തില്‍ നേരത്തെ നടപ്പാക്കി വിജയിച്ച പദ്ധതിയാണിത്.

MORE IN NORTH
SHOW MORE