ചെങ്ങോട്ടുമലയില്‍ കൂറ്റന്‍ ക്രഷര്‍ യൂണിറ്റിന് നല്‍കിയ അനുമതി പുനപരിശോധിക്കുമെന്ന് കലക്ടര്‍‌

chengottumala-t
SHARE

കോഴിക്കോട് ബാലുശേരി  ചെങ്ങോട്ടുമലയില്‍ കൂറ്റന്‍ ക്രഷര്‍ യൂണിറ്റിന് നല്‍കിയ അനുമതി  പുനപരിശോധിക്കുമെന്ന് കലക്ടര്‍. വിശദ പഠനത്തിനായി വിദഗ്ധ സമിതിയെ നിയോഗിക്കാനും തീരുമാനമായി. പരാതികളെ തുടര്‍ന്ന് ജില്ലതല പരിസ്ഥിതി സമിതി സ്ഥലം സന്ദര്‍ശിച്ചതിന് ശേഷമാണ് നേരത്തെ നല്‍കിയ അനുമതി റദ്ദക്കാന്‍ തീരുമാനിച്ചത്. മഞ്ഞള്‍ കൃഷിക്കെന്ന വ്യാജേനെ   ക്രഷര്‍ തുടങ്ങിയതിനെതിരെ നാട്ടുകാര്‍ നാലുമാസമായി പ്രക്ഷോഭത്തിലാണ്.

നാട്ടുകാരുടെ സമരങ്ങളും മുറവിളികള്‍ളും അവസാനം കേള്‍ക്കേണ്ടവര്‍ കേട്ടു. ചെങ്ങോട്ടുമലയില്‍ കൂറ്റന്‍ ക്രഷറിന് നല്‍കിയ അനുമതി റദ്ദാക്കുമെന്ന് സ്ഥലം സന്ദര്‍ശിച്ച കലക്ടര്‍  നാട്ടുകാര്‍ക്ക് ഉറപ്പുനല്‍കി. ജില്ലതല പരിസ്ഥിതി സമിതിയിലെ ഭിന്നാഭിപ്രായം മറികടന്ന്  ക്രഷറിന് അനുമതി നല്‍കിയതാണ് തിരുത്തുന്നത്. നാട്ടുകാരുടെയും  കോട്ടൂര്‍ പഞ്ചായത്ത് ഭരണസമിതിയുടെയും ആവശ്യത്തെ തുടര്‍ന്നാണ് ജില്ലാ പരിസ്ഥിതി സമിതി ചെങ്ങോട്ടുമല സന്ദര്‍ശിച്ചത്.

ക്രഷര്‍ പ്രവര്‍ത്തനം തുടങ്ങുന്നതോടെ സമീപ പ്രദേശങ്ങളില്‍ ജലക്ഷാമം ഉണ്ടാകുമെന്നും കുത്തനെയുള്ള പാറപൊട്ടിക്കുന്നത് ഉരുള്‍പൊട്ടലിന് കാരണമാകുമെന്ന വില്ലേജ് ഓഫിസറുടെ റിപ്പോര്‍ട്ടില്‍ കഴമ്പുണ്ടെന്ന് കലക്ടര്‍ക്കും മറ്റു അംഗങ്ങള്‍ക്കും ബോധ്യമായി. തുടര്‍ന്നാണ് വിശദമായ പഠനം നടത്താന്‍ കലക്ടര്‍ നിര്‍ദേശം നല്‍കിയത്.

മഞ്ഞള്‍കൃഷിക്കെന്ന വ്യാജേനെ വാങ്ങിക്കൂട്ടിയ നൂറേക്കര്‍ സ്ഥലത്ത് കൂറ്റന്‍ ക്രഷര്‍ തുടങ്ങാന്‍ പത്തനംതിട്ട ആസ്ഥാനമായുള്ള വ്യവസായഗ്രൂപ്പിന്റെ ശ്രമങ്ങള്‍ക്കെതിരെ നാട്ടുകാര്‍ മാസങ്ങളായി സമരത്തിലാണ്.

MORE IN NORTH
SHOW MORE