ചക്ക ചില്ലറക്കാരനല്ല, സീസൺ അവസാനിച്ചാലും മായില്ല രുചിഭേദം

jackfruit
SHARE

ഇനി സീസണ്‍ അവസാനിച്ചാലും ചക്കയുടെ രുചി നാവിന്‍ തുമ്പില്‍ നിന്നുമായില്ല. മിഠായിയും, പപ്പടവുമായി ചക്ക നമ്മുടെ തീന്‍മേശയിലെത്തും. കാസര്‍കോട് മരുതളത്തെ ഒരു വനിതാ കൂട്ടായ്മയാണ് ചക്കയില്‍ നിന്ന് ദീര്‍ഘകാലം കേടുകൂടാതിരിക്കുന്ന മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. 

ഇടവമാസമാകുന്നു. ചക്കയെല്ലാം നന്നായി മൂത്തുപഴുത്തു. ഇടവപ്പാതിയെത്തിയാല്‍ ആര്‍ക്കുമൊരു പ്രയോജനവുമില്ലാതെ ഇവ വെറുതെ വീണുപോകും. പിന്നെ ചക്കയുടെ രുചിയറിയാന്‍ മാസങ്ങള്‍ ‌കാത്തിരിക്കണം. ചക്കയില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ ധാരളമുണ്ടെങ്കിലും കേടുകൂടാതെ അധികകാലം സൂക്ഷിക്കാന്‍ സാധിക്കില്ല എന്നതാണ് പ്രതിസന്ധി. ഇതി‌നൊരു പരിഹാരമാണ് മരുതളത്തെ നാരായണിയും കൂട്ടുകാരികളും ചേര്‍ന്നുണ്ടാക്കുന്ന ചക്ക മിഠായിയും, പപ്പടവും. ഇവ ഒരു വര്‍ഷത്തോളം കേടുകൂടാതിരിക്കും.

ചക്ക മിഠായിയുടെ രുചിക്കൂട്ട് വളരെ എളുപ്പമാണ്.നന്നായി പഴുത്ത ചക്ക ചവിണിയും കുരുവും നീക്കി ഒരുക്കിയെടുന്നു. തുടര്‍ന്ന് മിക്സിയില്‍ അരച്ചെടുക്കും. ഈ അരപ്പ് ചുവടു കട്ടിയുള്ള ഒരു പാത്രത്തിലൊഴിച്ച് തീയില്‍ വച്ച് വരട്ടിയെടുക്കുന്നു. ശര്‍ക്കരയും, ചുക്കും, കുരുമുളകും പൊടിച്ചതും ഒപ്പം ചേര്‍ക്കും. ചക്കയുടെ മധുരത്തിനനുസരിച്ചാണ് ശര്‍ക്കരയുടെ അളവ്. ഇങ്ങനെ വരട്ടിയെടുക്കുന്ന ചക്ക അല്‍പം തണുത്തശേഷം ചെറിയ ഉരുളകളായി ഉരുട്ടിയെടുക്കും. ചക്കയുടെ മധുരം നിറച്ച മിഠായി റെഡി.

പപ്പടം നിര്‍മ്മിക്കാന്‍ അരച്ചെടുക്കുന്ന പച്ച ചക്കയില്‍ ഉപ്പുമാത്രം ചേര്‍ക്കും. വെള്ളം കുറഞ്ഞ ഈ മിശ്രിതം കല്ലില്‍ പരത്തി വെയിലില്‍ ഉണക്കിയാണ് പപ്പടം തയ്യാറാക്കുന്നത്. നാരായണിയും കൂട്ടരുമൊരുക്കുന്ന ഈ രുചിമേളം ഒരിക്കല്‍ ആസ്വദിച്ചവര്‍ വീണ്ടും തേടിയെത്തുന്നു. ഉപഭോക്താക്കളുടെ ആവശ്യത്തിനനുസരിച്ച് ഉല്‍പന്നങ്ങള്‍ എത്തിക്കാന്‍ സാധിക്കുന്നില്ല എന്നാണ് ഇവരുടെ വിഷമം.

കൃഷിവകുപ്പിന്റെ നേതൃത്വത്തിലാണ് മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുന്നതിനെക്കുറിച്ച് സംഘത്തിന് പരിശീലനം നല്‍കിയത്. ചക്കയുടെ മുള്ളുപയോഗിച്ച് ചമ്മന്തി, കുരുവിനു പുറത്തെ പാടകൊണ്ട് കൊണ്ടാട്ടം, ചവിണി കൊണ്ടു മിക്സ്ചര്‍, ചക്കമടലുപയോഗിച്ച് വിവിധ തരത്തിലുള്ള അച്ചാറുകള്‍ എന്നിവയും ഈ കൂട്ടായ്മയൊരുക്കുന്നു. കൃഷിവകുപ്പിന്റെ പ്രോത്സാഹനമാണ് ഇവരുടെ ഊര്‍ജം.

ഇതുകൊണ്ടൊന്നും പരീക്ഷണം അവസാനിപ്പിക്കാന്‍ ഇവര്‍ തയ്യാറല്ല. ചക്കയുപയോഗിച്ചുള്ള കൂടുതല്‍ വിഭവങ്ങളുണ്ടാക്കാനുള്ള തയ്യാറെടുപ്പിലാണ് നാരായണിയും സംഘവും. 

MORE IN NORTH
SHOW MORE