കൊടുവള്ളിയിലെ കവർച്ച; സ്വർണ വ്യാപാരികൾ ആശങ്കയിൽ

Koduvally-jewellary
SHARE

കൊടുവള്ളി നഗരത്തിലെ ജ്വല്ലറി കവര്‍ച്ച സ്വര്‍ണ വ്യാപാരികള്‍ക്കുണ്ടാക്കിയിരിക്കുന്ന ആശങ്ക ചില്ലറയല്ല. നേരത്തെ ചില കവര്‍ച്ചാ ശ്രമങ്ങളുണ്ടായപ്പോള്‍ ഭൂരിഭാഗം ജ്വല്ലറികളിലും നിരീക്ഷണ ക്യാമറ സ്ഥാപിച്ചിരുന്നു. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥരില്ലാത്തതും കെട്ടിടത്തിന്റെ ബലക്ഷയവും മനസിലാക്കിയുള്ള കവര്‍ച്ചയെന്നാണ് പൊലീസ് നിഗമനം. 

ജില്ലയില്‍ ഏറ്റവും കൂടുതല്‍ ജ്വല്ലറികള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലമാണ് കൊടുവള്ളി. വിദേശത്തെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി സ്വര്‍ണക്കട തുടങ്ങിയവരാണ് പലരും. അന്‍പത്ത് മൂന്ന് ജ്വല്ലറികളില്‍ എട്ടെണ്ണത്തിലൊഴികെ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. കവര്‍ച്ചയുണ്ടായ സില്‍സില ജ്വല്ലറിയിലുള്‍പ്പെടെ ഇരുപത്തി എട്ടിടങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥരില്ല. എന്നാല്‍ പലയിടത്തും ക്യാമറകള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് പൊലീസ് പരിശോധനയില്‍ കണ്ടെത്തി. ജ്വല്ലറികളില്‍ കണക്കില്‍ കൂടുതല്‍ അളവില്‍ സ്വര്‍ണവും വെള്ളിയും സൂക്ഷിച്ചിരുന്നതായും തെളിഞ്ഞിട്ടുണ്ട്. 

കാലപ്പഴക്കമുള്ള കെട്ടിടത്തില്‍ സ്വര്‍ണ വ്യാപാരം നടത്തരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് ലംഘിച്ച‌ു. സുരക്ഷിത കെട്ടിടമല്ലെന്ന് മനസിലാക്കി കവര്‍ച്ച നടത്തിയെന്നാണ് പ്രാഥമിക നിഗമനം. ജ്വല്ലറിയുടെ പ്രവര്‍ത്തനമുള്‍പ്പെടെ നിരീക്ഷിച്ച ശേഷമായിരിക്കും കവര്‍ച്ചയെന്നാണ് പൊലീസ് നിഗമനം. ജ്വല്ലറിയുടെ പിന്‍വശം പലരും പ്രാഥമികാവശ്യം നിര്‍വഹിക്കുന്നതിനായി ഉപയോഗിക്കുന്നതാണ്. സമീപത്തെ വാടക കെട്ടിടങ്ങളില്‍ നിരവധി ഇതരസംസ്ഥാനത്തൊഴിലാളികള്‍ താമസിക്കുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം വിശദമായി പരിശോധിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. 

MORE IN NORTH
SHOW MORE