പെരുവണ്ണാമൂഴി ഡാം തുറന്നുവിട്ടു, വിളവെടുപ്പ് വെള്ളത്തിലായി

paddy-harvest
SHARE

മുട്ടറ്റം വെള്ളത്തില്‍ നിന്ന് വിളവെടുക്കേണ്ട ദുരവസ്ഥയിലാണ് കോഴിക്കോട് ആവളപ്പാണ്ടിയിലെ ഒരുവിഭാഗം കര്‍ഷകര്‍. നല്ല വിള കിട്ടിയത് ജലസേചന വകുപ്പിന്റെ നിലപാട് കാരണം വെള്ളത്തിനടിയിലായി. പെരുവണ്ണാമൂഴി ഡാമില്‍ നിന്ന് യാതൊരു മുന്നറിയിപ്പുമില്ലാതെ വെള്ളം തുറന്നുവിടുന്നതാണ് പ്രതിസന്ധിയുണ്ടാക്കുന്നത്  .  

പത്തേക്കറില്‍ വരെ സ്വന്തമായി കൃഷി ചെയ്തിരുന്നതാണ് മലയില്‍ കുഞ്ഞഹമ്മദും കുടുംബവും. കൃഷിയാണ് പാരമ്പര്യമായുള്ള ഉപജീവനമാര്‍ഗം. കണ്ണുനനയിക്കുന്ന തരത്തില്‍ ജലസേചനവകുപ്പ് അതിക്രമം നടത്തിയെങ്കിലും ആദ്യം കണ്ടില്ലെന്ന് നടിച്ചു. പിന്നീട് മണ്ണില്‍ പൊരുതാന്‍ തീരുമാനിച്ചു. ഇത്തവണ കുഞ്ഞഹമ്മദ് വിളവെടുക്കുന്നത് പാട്ടത്തിനെടുത്ത നാല്‍പത് സെന്റ് ഭൂമിയിലാണ്. ടണ്‍ കണക്കിന് നെല്ല് കയറ്റി അയയ്ക്കാനുദ്ദേശിച്ചല്ല. മറിച്ച് വീട്ടാവശ്യത്തിനുള്ള നെല്ല് സ്വന്തമായുണ്ടാക്കണമെന്ന് തോന്നി അത്രമാത്രം. തൊഴിലാളികളെ ഉപയോഗിച്ചുള്ള പണി നഷ്ടമെന്ന് കണ്ട് ഭാര്യയെയും സഹോദരിയെയും കൂട്ടി കൊയ്യാനുറച്ചു. കൊയ്യുന്ന നെല്ല് കരയ്ക്കെത്തിക്കണമെങ്കില്‍ നല്ല നീന്തലും വശമുണ്ടായിരിക്കണം. കാരണം കാരേല്‍നട തോട് വഴി വെള്ളം ഈ പാടത്തേക്ക് നിയന്ത്രണമില്ലാതെ ഒഴുകിയെത്തുകയാണ്.  മുട്ടറ്റം വെള്ളം നിറഞ്ഞു. കൈവരി കെട്ടി വെള്ളമൊഴുക്ക് തടഞ്ഞില്ലെങ്കില്‍ അടുത്തവര്‍ഷം ‍ഞാനീ പണിക്കില്ലെന്ന് കുഞ്ഞഹമ്മദ് പറയുന്നു.  

പാടത്തേക്ക് വെള്ളം കയറുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ജലസേചനവകുപ്പിന് നിരവധി പരാതി നല്‍കി. കാര്യമുണ്ടായില്ല. ഇവരോട് പറയുന്നത് മാത്രം മിച്ചമെന്ന് കുഞ്ഞഹമ്മദിന്റെ വാക്കുകള്‍. 

മുട്ടറ്റം വെള്ളത്തിനെ അതിജീവിച്ചാണ് ഈ കര്‍ഷകന്‍ കൃഷിയിറക്കിയിരിക്കുന്നത്. വ്യാപക പരാതി. ജലസേചന വകുപ്പിന്റെ വീണ്ടുവിചാരമില്ലാത്ത നടപടിയാണ് പ്രതിസന്ധിക്കിടയാക്കിയിരിക്കുന്നത്.

MORE IN NORTH
SHOW MORE