പ്രകൃതിയും,വര്‍ണങ്ങളുമായി ഇലയനക്കങ്ങള്‍

ilayanakkangal-1
SHARE

വേറിട്ടൊരു ഫോട്ടോ പ്രദര്‍ശനത്തിന്റെ കാഴ്ചകളിലേയ്ക്കാണ് ഇനി പോകുന്നത്. കാസര്‍കോട്, കാഞ്ഞങ്ങാട് ലളിതകല അക്കാദമി ഹാളില്‍ സംഘടിപ്പിച്ചിരിക്കുന്ന പ്രദര്‍ശനത്തിലെ ചിത്രങ്ങളെല്ലാം പകര്‍ത്തിയത് സ്മാര്‍ട്ട്ഫോണിലാണ്. നബിന്‍ ഓടയംചാല്‍ പകര്‍ത്തിയ ചിത്രങ്ങളാണ് ഇലയനക്കങ്ങള്‍ എന്ന പ്രദര്‍ശനത്തിലുള്ളത്. പ്രദര്‍ശനം നാളെ  സമാപിക്കും.

  

പ്രകൃതിയും, പ്രകൃതിയുടെ കാഴ്ചകളും, വര്‍ണങ്ങളുമാണ് ഇലയനക്കങ്ങള്‍ എന്ന ഈ പ്രദര്‍ശനത്തിലെ ചിത്രങ്ങളില്‍ തുടിച്ച് നില്‍ക്കുന്നത്. സ്വന്തം ആവാസവ്യസ്ഥയില്‍ സ്വച്ഛമായി ജീവിക്കുന്ന ജീവികളെ മിഴിവോടെ ചേര്‍ത്തു വച്ചിരിക്കുന്നു ഓരോ ഫ്രെയ്മിലും. പുമ്പാറ്റയും, പുല്‍ച്ചാടിയും, ഉറുമ്പുമെല്ലാമടങ്ങുന്ന കാഴ്ചയുടെ ലോകമുണ്ട് ഇലയനക്കങ്ങളില്‍.

കാസര്‍കോട് ഒടയന്‍ചാല്‍ സ്വദേശി നബിനാണ് ഈ കാഴ്ചകള്‍ പകര്‍ത്തിയത്. ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ ഉപയോഗിച്ചത് ഒരു സെക്കന്റ് ഹാന്‍ഡ് സ്മാര്‍ട്ട് ഫോണ്‍. ഒരു മുന്‍പരിചയവും ഇല്ലാതെയാണ് ഫോട്ടൊഗ്രഫിയിലേയ്ക്ക് ഈ ചെറുപ്പക്കാരന്‍ എത്തിയത്. ഡി.എസ്.എല്‍.അര്‍ ക്യാമറകളുടെ വില ഫോട്ടോഗ്രാഫര്‍ എന്ന സ്വപ്നത്തിലെക്കുള്ള യാത്രയില്‍ ഒരു തടസമാകുമെന്ന തിരിച്ചറിവാണ് നബിനെ മൊബൈല്‍ ഫോട്ടോഗ്രഫി പരീക്ഷിക്കാന്‍ പ്രേരിപ്പിച്ചത്. ക്യാമറ എപ്പോഴും ഒപ്പമുണ്ടാകും എന്നതും ഏറെ സ‍ൗകര്യമായി.അ‍ഞ്ചു വര്‍ഷത്തെ അധ്വാനമാണ് ഇലയനക്കങ്ങള്‍ എന്ന പ്രദര്‍ശനം. സുഹൃത്തുക്കളുടെ പ്രോത്സാഹാനമാണ് നബിന്റെ പ്രചോദനം. സുഹൃത്തുക്കള്‍ തന്നെയാണ് ഇപ്പോള്‍ പ്രദര്‍ശനവും സംഘടിപ്പിച്ചിരിക്കുന്നത്.

പ്രകൃതിയിലെ കാഴ്ചകള്‍ ഇനിയും ഏറെ പകര്‍ത്തണമെന്ന ആഗ്രഹത്തോടെയാണ് നബിന്റെ യാത്രകള്‍. കുറച്ചുകൂടി നല്ല ഒരു കാമറയോ, സ്മാര്‍ട്ട് ഫോണോ സ്വന്തമാക്കണമെന്നും ആഗ്രഹമുണ്ട്. എന്നാല്‍ ഒരു സ്വകാര്യപുസ്തകശാലയിലെ ജീവനക്കാരനായ നബിന്‍ ആഗ്രഹങ്ങളെല്ലാം തല്‍ക്കാലം ഉള്ളില്‍ ഒതുക്കുന്നു. പക്ഷേ പരിമിതികളില്‍ തോല്‍ക്കാന്‍ മനസില്ലയെന്നുറക്കെ പറഞ്ഞ് പ്രകൃതിയിലേക്ക് കണ്ണുതുറന്ന് നോക്കുകയാണ് ഈ യുവാവ്.

MORE IN NORTH
SHOW MORE