ചിറ്റൂരില്‍ വാഹനപകടത്തില്‍ മരിച്ചവര്‍ക്ക് ജന്മനാടിന്റെ യാത്രാമൊഴി

andhra-accident
SHARE

ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ വാഹനപകടത്തില്‍ മരിച്ചവര്‍ക്ക് ജന്മനാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. കാസര്‍കോട് സ്വദേശികളായ നാലുപേരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ച് സംസ്കരിച്ചു. പരുക്കേറ്റവര്‍ ചിറ്റൂരിലേയും, മംഗലാപുരത്തേയും ആശുപത്രികളില്‍ ചികിത്സയിലാണ്.  

രാവിലെ പത്തുമണിയോടെയാണ് മൃതദേഹങ്ങള്‍ വീടുകളില്‍ എത്തിച്ചത്. കുമ്പള നായ്ക്കാപ്പ് സ്വദേശികളായ പക്കീര ഗട്ടി, സഹോദരന്‍ മഞ്ചപ്പ ഗട്ടി, മഞ്ചപ്പ ഗട്ടിയുടെ ഭാര്യ സുന്ദരി എന്നിവരുടെ മൃതദേഹങ്ങള്‍ നായ്ക്കാപ്പിലെ വിട്ടില്‍ പൊതുദര്‍ശനത്തിന് വച്ചു.നാടൊന്നാകെ ആദരാ‍ഞ്ജലി അര്‍പ്പിക്കാന്‍ എത്തി. ഉറ്റവരുടെ അപ്രതീക്ഷിത വിയോഗത്തില്‍ വിങ്ങിപ്പൊട്ടിയ ബന്ധുക്കളെ ആശ്വസിപ്പിക്കാന്‍ നാട്ടുകാര്‍ നന്നേ പ്രയാസപ്പെട്ടു. 

മതപരമായ ചടങ്ങുകള്‍ക്ക് ശേഷം മൂന്നുപേരുടേയും മൃതദേഹങ്ങള്‍ സമീപത്തെ ശ്മശാനത്തില്‍ സംസ്ക്കരിച്ചു.  ഇവരുടെ ബന്ധു സദാശിവ ഗട്ടിയുടെ മൃതദേഹം മന്നിപ്പാടിയിലെ വീട്ടില്‍ എത്തിച്ചശേഷം  ഉളിയത്തടുക്കയിലെ ശ്മശാനത്തിലാണ് സംസ്ക്കരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ രണ്ടുപേര്‍ ചിറ്റൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. മറ്റു രണ്ടുപേരെ മംഗലാപുരത്തെ ആശുപത്രിയിലേയ്ക്ക് മാറ്റി.

തിരുപ്പതി തീര്‍ഥാടനത്തിന് പോകുന്നതിനിടെ ഇന്നലെ പുലര്‍ച്ചെ നാലുമണിയോടെ സംഘം സഞ്ചരിച്ച വാഹനത്തില്‍ കര്‍ണാടക അര്‍.ടി.സി ബസ് ഇടിക്കുകയായിരുന്നു. വാഹനത്തിന്റെ ഡ്രൈവറെ ബംഗാരപാളയം പൊലീസ് കസ്റ്റഡിയില്‍ വച്ചിരിക്കുകയാണ്. കാറ് വിട്ടുനല്‍കുന്ന കാര്യത്തിലും തീരുമാനമായിട്ടില്ല.

MORE IN NORTH
SHOW MORE