ചെറായിൽ മദ്യശാലയ്ക്കെതിരെ സമരം ചെയ്ത നാട്ടുകാരെ പൊലീസ് തല്ലിയോടിച്ചു

cherayi-beach
SHARE

ചെറായി രക്തേശ്വരി ബീച്ചിലെ കൺസ്യൂമർ ഫെഡിൻറെ മദ്യശാലയ്ക്കെതിരെ സമരം ചെയ്ത നാട്ടുകാരെ പൊലീസ് തല്ലിയോടിച്ചു.  സമരപ്പന്തൽ പൊളിച്ചു നീക്കി സമരക്കാരെ അറസ്റ്റ് ചെയ്തു. സ്ത്രീകൾക്കും കുട്ടികൾക്കുമടക്കം മുപ്പതോളം പേർക്ക് മർദനമേറ്റു. 

ചെറായി രക്തേശ്വരി ബീച്ചിൽ പുതിയതായി ആരംഭിച്ച കൺസ്യൂമർ ഫെഡിൻറെ മദ്യശാലയ്ക്കെതിരെ ഒരുമാസമായി നാട്ടുകാർ സമരത്തിലാണ്. സ്ത്രീകളും കുട്ടികളും പ്രായമായവരുമടക്കമുള്ളവർ സമരപ്പന്തലിലുണ്ട്. ഈ സമരപ്പന്തലാണ് വടക്കേക്കര സിഐയുടെ നേതൃത്വത്തിൽ എത്തിയ പൊലീസ് സംഘം പൊളിച്ചു നീക്കിയത്. സമരപ്പന്തലിലുണ്ടായിരുന്ന നാട്ടുകാരെ പൊലീസ് ബലം പ്രയോഗിച്ച് മാറ്റി. സ്ത്രീകളടക്കമുള്ളവരെ വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തിലേക്കെത്തിച്ചത്. സമരത്തിന് നേതൃത്വം നൽകിയ മുൻ പഞ്ചായത്ത് മെമ്പർ ശിവദാസനെ പൊലീസ് തല്ലിച്ചതച്ചു. 

ജനവാസകേന്ദ്രത്തിന് സമീപത്തുള്ള കൺസ്യൂമർ ഫെഡ് മദ്യശാലയ്ക്കരികിൽ അങ്കണവാടിയടക്കം പ്രവർത്തിക്കുന്നുണ്ട്. കൺസ്യൂമർ ഫെഡിനനുകൂലമായ ഹൈക്കോടതി വിധിയുണ്ടായ പശ്ചാലത്തലത്താണ് സമരപ്പന്തൽ പൊളിച്ചതെന്ന് പൊലീസ് പറയുന്നു. 37 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. പരുക്കേറ്റവർ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. ഉദ്യോഗസ്ഥരെ തടയുന്നില്ലെന്നും മദ്യം വാങ്ങാനെത്തുന്നവരെ സമരത്തിൻറെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി തിരിച്ചയക്കുകയാണ് ചെയ്യുന്നതെന്നും നാട്ടുകാർ പറഞ്ഞു. അകാരണമായാണ് പൊലീസ് മർദിച്ചതെന്നും ഇവർ ആരോപിച്ചു.

MORE IN NORTH
SHOW MORE