ക്ലാസ് മുറിയില്‍ സ്ഥാപിച്ച സി.സി.ടി.വി ക്യാമറകള്‍ നീക്കാത്തതില്‍ രക്ഷിതാവിന്റെ പ്രതിഷേധം

Thumb Image
SHARE

കോഴിക്കോട് തലക്കുളത്തൂരില്‍ സ്വകാര്യ സ്കൂളിന്റെ ക്ലാസ് മുറിയില്‍ സ്ഥാപിച്ച സി.സി.ടി.വി ക്യാമറകള്‍ നീക്കാത്തതില്‍ രക്ഷിതാവിന്റെ പ്രതിഷേധം. ഡി.ഡി.ഇ നിര്‍ദേശം നല്‍കിയിട്ടും ക്യാമറ നീക്കാന്‍ മാനേജ്മെന്റ് തയാറായില്ലെന്ന് ആരോപിച്ചാണ് രക്ഷിതാവ് ഷാജി കുത്തിയിരുന്നത്. തിങ്കളാഴ്ച ക്യാമറ മാറ്റുമെന്ന് പൊലീസ് ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്ന് മൂന്ന് മണിക്കൂര്‍ നീണ്ട പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. 

ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി ക്ലാസുകളിലാണ് സി.സി.ടി.വി ക്യാമറ സ്ഥാപിച്ചിട്ടുള്ളത്. രക്ഷകര്‍ത്താക്കളോട് ആലോചിക്കാതെയായിരുന്നു നടപടി. ദൃശ്യങ്ങള്‍ സൂക്ഷിക്കുന്നതിലും പരിശോധിക്കാനുള്ള അധികാരം ആര്‍ക്കെന്ന കാര്യത്തിലും വ്യക്തതയുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഒന്‍പതാം ക്ലാസുകാരിയും രക്ഷിതാവും ഹൈക്കോടതിയെ സമീപിച്ച് ക്യാമറ നീക്കുന്നതിനുള്ള ഉത്തരവ് സമ്പാദിച്ചത്. കൂടുതല്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും മാനേജ്മെന്റിനെതിരെ പരാതിയുമായെത്തി. 

കുട്ടികളുടെ അച്ചടക്കം കൂട്ടുന്നതിനൊപ്പം സുരക്ഷയെയും കരുതിയാണ് ക്യാമറ സ്ഥാപിച്ചതെന്നാണ് സ്കൂള്‍ അധികൃതരുടെ വിശദീകരണം. സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ തിങ്കളാഴ്ച ക്യാമറ നീക്കുമെന്നാണ് എലത്തൂര്‍ പൊലീസിന് നല്‍കിയിരിക്കുന്ന ഉറപ്പ്. അല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസും സ്കൂള്‍ മാനേജ്മെന്റിനെ അറിയിച്ചിട്ടുണ്ട്. 

MORE IN NORTH
SHOW MORE