ഇ കെ നായനാർ അക്കാദമിയിൽ പി.ജയരാജൻ‌ പതാകയുയർത്തിയത് വിവാദത്തിൽ

Thumb Image
SHARE

സിപിഎം സംസ്ഥാന കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള കണ്ണൂർ ഇ.കെ.നായനാർ അക്കാദമിയിൽ ഉദ്ഘാടനത്തിന് മുൻപേ പി.ജയരാജൻ‌ പതാകയുയർത്തിയതും വിവാദത്തിൽ. ഒക്ടോബർ വിപ്ലവത്തിന്റെ നൂറാം വാർഷികത്തിലാണ് അക്കാദമിയിൽ ജയരാജൻ പതാക ഉയർത്തിയത്. അതേസമയം പി.ജയരാജനെക്കുറിച്ച് സംഗീത ആൽബം തയ്യാറാക്കിയത് അണികളുടെ അഭ്യർഥനമാനിച്ചാണെന്ന് പുറച്ചേരി ഗ്രാമീണ കലാവേദി മനോരമ ന്യൂസിനോട് പറഞ്ഞു. 

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് നായനാർ സ്മാരക ട്രസ്റ്റിന്റെ ചെയർമാൻ. സിപിഎം ജില്ലാസമ്മേളനം ട്രസ്റ്റിന്റെ കീഴിൽ നിർമിക്കുന്ന അക്കാദമിയിൽ നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ അക്കാദമി ഉദ്ഘാടനം ചെയ്യുമുൻപേ പി.ജയരാജൻ കൊടി ഉയർത്തിയത് പാർട്ടിക്കുളളിൽ വിമർശനത്തിന് കാരണമായി. അച്ചടക്കലംഘനമാണെന്നും വിലയിരുത്തലുണ്ട്. 

പി.ജയരാജൻ നാടിനോട് ചെയ്യുന്ന പ്രവര്‍ത്തനങ്ങൾ അനുസ്മരിച്ചാണ് സംഗീത ആൽബം തയ്യാറാക്കിയതെന്ന് പുറച്ചേരി ഗ്രാമീണ കലാവേദി പറയുന്നു. ജയരാജനെ പ്രകീർത്തിച്ചുകൊണ്ടുള്ള ഗാനം ഇതിനോടകം നിരവധി സമ്മേളന വേദികളിലും പാടിയിട്ടുണ്ട്. വ്യക്തിപൂജയെന്ന‌ ആക്ഷേപവും പുറച്ചേരി ഗ്രാമീണ കലാവേദി തള്ളിക്കളഞ്ഞു. 

MORE IN NORTH
SHOW MORE