പന്ത്രണ്ട് വർഷത്തിന് ശേഷം കാസർക്കോട്ട് കൊയ്ത്ത് ആരവം

Thumb Image
SHARE

പന്ത്രണ്ട് വർഷത്തിന് ശേഷം കാസർകോട്, പിലിക്കോട്, മങ്കടവത്തെ വയലിൽ കൊയ്ത്തിന്റെ ആരവങ്ങളുയർന്നു. തരിശുകിടന്ന വയലിൽ പിലിക്കോട് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ നാഷണൽ സർവീസ് സ്കീം അംഗങ്ങളാണ് വിളവിറക്കി നൂറുമേനി കൊയ്തത്. 

വർഷങ്ങൾക്ക് മുമ്പ് വെള്ളക്കെട്ടിനെത്തുടർന്നാണ് മാങ്കടവത്തെ വയലിനെ കർഷകർ കൈയ്യൊഴിയുന്നത്. ഒരേക്കറിലായിരുന്നു കുട്ടിക്കൂട്ടത്തിന്റെ കൃഷി. ചതുപ്പ് നിലങ്ങൾക്ക് അനുയോജ്യമായ ഏഴോം രണ്ട്, മൂന്ന് എന്നി വിത്തിനങ്ങളാണ് വിതച്ചത്. സ്കൂളിലെ പരിസ്ഥിതി ക്ലബ്ബായ ഭൂമിത്രസേനയും, പിലിക്കോട് കൃഷിഭവനും എല്ലാ പിന്തുണയും നൽകി കൂടെ നിന്നു. ഒരുകൈ സഹായവുമായി പ്രദേശത്തെ കുടുംബശ്രീ പ്രവർത്തകരും ഒപ്പം ചേർന്നു. മുതിർന്ന കർഷകരിൽ നിന്ന് പാരമ്പര്യ കൃഷി രീതികൾ ചോദിച്ചറി‍ഞ്ഞായിരുന്നു കൃഷി. അധ്വാനം നൂറുമേനി വിളഞ്ഞതോടെ എം രാജഗോപാലന്‍ എം.എൽ.എ ഉൾപ്പെടെയുള്ളവരെയെത്തിച്ച് വിദ്യാർഥികൾ വിളവെടുപ്പ് ഒരാഘോഷമാക്കി. 

കുട്ടിക്കൂട്ടം തന്നെ വയലിലിറങ്ങി വിളഞ്ഞ നെൽക്കതിരുകൾ കൊയ്തെടുത്തു. കതിർക്കറ്റകൾ മെതിച്ച് നെല്ല് പറയിൽ അളന്നു. ഗതകാല കാർഷിക സംസ്ക്കാരത്തെ തിരിച്ചു പിടിക്കുക എന്നതും ഈ കൂട്ടായ്മയിലൂടെ ലക്ഷ്യമിടുന്നു. കൃഷിയുമായി മുന്നോട്ട് പോകാൻ തന്നെയാണ് വിദ്യാർഥികളുടേയും അധ്യാപകരുടേയും തീരുമാനം. 

MORE IN NORTH
SHOW MORE